പ്രത്യേക ലബോറട്ടറി തിരുവാലിയില്‍ പ്രവര്‍ത്തന സജ്ജമാവുന്നു

റജീഷ് കെ സദാനന്ദന്‍

മഞ്ചേരി: കാര്‍ഷിക രംഗത്തെ വളര്‍ച്ച ലക്ഷ്യമിട്ട് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മണ്ണ് പരിശോധനാ ലാബ് തിരുവാലിയില്‍ സജ്ജമാവുന്നു. മണ്ണിന്റെ ഘടനയ്ക്കനുസരിച്ച് കാര്‍ഷിക മേഖലയെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സോയില്‍ ആന്റ് പ്ലാന്റ് അനലൈസിസ് അഡൈ്വസറി സെന്ററാണ് തിരുവാലിയില്‍ ഒരുങ്ങുന്നത്. മണ്ണിന്റെ ഘടനയും സ്വഭാവവും മനസ്സിലാക്കി ശാസ്ത്രീയാടിത്തറയോടെ കൃഷി പരിപോഷിപ്പിക്കാന്‍ പുതിയ സംവിധാനം പ്രവര്‍ത്തനക്ഷമമാവുന്നതോടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
മണ്ണു പരിശോധനയ്ക്ക് മലപ്പുറത്ത് സൗകര്യങ്ങള്‍ ലഭ്യമാണെങ്കിലും അത്യാധുനിക സൗകര്യങ്ങളോടെയുള്ള കേന്ദ്രം ജില്ലയില്‍ ഇതാദ്യമാണ്. മണ്ണിലെയും വെള്ളത്തിലെയും സൂക്ഷ്മ മൂലകങ്ങള്‍ പരിശോധനയ്ക്കു വിധേയമാക്കി ഏതു തരം കൃഷിക്കാണ് മണ്ണ് അനുയോജ്യമെന്നു കണ്ടെത്താനും വളപ്രയോഗത്തില്‍ വരെ ശാസ്ത്രീയ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനും ലബോറട്ടറിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സാധിക്കും. ഓട്ടോമാറ്റിക്ക് അപ്‌സ്‌ട്രോപ്ഷന്‍ സ്‌പെക്‌ട്രോസ്‌കോപ്പി (എഎഎസ്) ഉള്‍പ്പെടെയുള്ള യന്ത്രസാമഗ്രികള്‍ തിരുവാലിയിലെ കേന്ദ്രത്തില്‍ എത്തിയിട്ടുണ്ട്.
കൃഷിയെ ശാസ്ത്രീയമായി പരിരക്ഷിക്കുന്നതില്‍ ജില്ലയില്‍ കാര്യക്ഷമമായ സംവിധാനങ്ങളില്ലെന്ന കര്‍ഷകരുടെ പരാതികള്‍ക്കും ഇതോടെ വലിയൊരളവ് പരിഹാരമാവും. മണ്ണിലെ വളപ്രയോഗം സന്തുലിതമാക്കുന്നതിനും അസന്തുലിത വളപ്രയോഗത്തിലൂടെയുണ്ടാവുന്ന രോഗ കീട ആക്രമണം തടയുന്നതിനും മണ്ണിന്റെ രാസ, ജൈവ, ഭൗതിക ഘടന നിലനിര്‍ത്തുന്നതിനും ലാബിലെ ശാസ്ത്രീയ പരിശോധനകള്‍ സഹായിക്കും.  ഇടയ്ക്കിടെ കനക്കുന്ന മഴ ഉല്‍പാദന രംഗത്ത് ആശങ്ക വര്‍ധിപ്പിക്കുന്നതിനിടയിലാണ് ശാസ്ത്രീയ സംവിധാനം കാര്‍ഷിക മേഖലയില്‍ ജില്ലയ്ക്കു മുതല്‍കൂട്ടാവുന്നത്. മഴയിലും കാറ്റിലുമുള്ള കൃഷിനാശത്തിനൊപ്പം മണ്ണിന്റെ ഫലഭൂയിഷ്ടതയും ഗണ്യമായി കുറയുന്നുണ്ട്.
ഇടയ്ക്കിടെ കനക്കുന്ന മഴയില്‍ വന്‍തോതിലാണ് മേല്‍മണ്ണ് ഒലിച്ചുപോവുന്നത്. ഉരുള്‍പൊട്ടലും ചെറുതും വലുതുമായ മണ്ണിടിച്ചിലും 50 സെന്റീമീറ്റര്‍ ആഴത്തിലുള്ള മേല്‍മണ്ണ് ഒലിച്ചുപോവുകയാണ്.
ഇത് സസ്യങ്ങളുടെ ആരോഗ്യപൂര്‍ണമായ വളര്‍ച്ച ഇല്ലാതാക്കുമെന്നാണ് വിദഗ്ധാഭിപ്രായം. ഒരു സെന്റീമീറ്റര്‍ മേല്‍മണ്ണ് സ്വാഭാവികമായി രൂപപ്പെടാന്‍ 100 വര്‍ഷമെടുക്കുമെന്ന് ശാസ്ത്രീയ വിശദീകരണം. ജൈവ കൃഷിക്ക് വലിയ സ്വീകാര്യതയുണ്ടാവുകയും വിവിധ തുറകളിലുള്ളവര്‍ കൃഷിയോട് ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്യുമ്പോള്‍ ഇത് ഫലപ്രദമായി നിലനിലനിര്‍ത്താന്‍ മണ്ണുസംരക്ഷണവും അനിവാര്യമാണെന്ന്് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുമ്പോഴും ഫലഭൂയിഷ്ടത നഷ്ടപ്പെടുന്ന മണ്ണില്‍ രാസവള പ്രയോഗത്തിനാണ് കൃഷിവകുപ്പ് ഊന്നല്‍ നല്‍കുന്നത്.

RELATED STORIES

Share it
Top