പ്രത്യേക ഭണ്ഡാരങ്ങളില്‍ നിന്നുള്ള തുക കോടതി നിര്‍ദേശമില്ലാതെ വിനിയോഗിക്കരുത്

കൊച്ചി: ശബരിമലയിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്താന്‍ സ്ഥാപിക്കുന്ന പ്രത്യേക ഭണ്ഡാരങ്ങളില്‍ നിന്നും കലക്ഷന്‍ സെന്ററുകളില്‍ നിന്നുമുള്ള തുക പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കണമെന്നും കോടതിയുടെ നിര്‍ദേശമില്ലാതെ തുക വിനിയോഗിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്താന്‍ പ്രത്യേക ഭണ്ഡാരങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായി ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു.
നിലയ്ക്കല്‍, എരുമേലി, പമ്പ, സന്നിധാനം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേക ഭണ്ഡാരങ്ങള്‍ സ്ഥാപിക്കുമ്പോള്‍ പമ്പ റിലീഫ് ഫണ്ട് എന്നു വെളുത്ത നിറത്തില്‍ ചുവന്ന അക്ഷരത്തില്‍ എഴുതിവയ്ക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. പ്രളയത്തെത്തുടര്‍ന്ന് പമ്പയുടെ മേല്‍ഭാഗത്ത് നാലടി പൊക്കത്തില്‍ രണ്ടു കിലോമീറ്ററോളം മണല്‍ അടിഞ്ഞുകൂടിയത് ദേവസ്വം ബോര്‍ഡ് നീക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ജലലഭ്യതയ്ക്കായി കടുവാത്തോട് ചെക്ക് ഡാം നിര്‍മിക്കുന്ന കാര്യത്തില്‍ വനം വകുപ്പ് എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഒക്ടോബര്‍ 28ന് ചേരുന്ന ബന്ധപ്പെട്ടവരുടെ യോഗത്തില്‍ തീരുമാനിക്കാനും നിര്‍ദേശിച്ചു.

RELATED STORIES

Share it
Top