പ്രത്യേക ഗ്രാമസഭ ക്വാറി മാഫിയ അലങ്കോലമാക്കി; 8 പേര്‍ക്കു പരിക്ക്

പേരാമ്പ്ര: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ് ഗ്രാമസഭ ക്വാറി മാഫിയ അലങ്കോലമാക്കുകയും സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേരെ മര്‍ദിക്കുകയും ചെയ്തു. പരുക്കേറ്റ പുവ്വത്തും ചോല ജ്യോതി ലക്ഷ്മി (32) തറോല്‍ മീത്തല്‍ രാജേഷ് (38) പുവ്വത്തും ചോല ജിഷ പ്രമോദ് (38) അരീക്കര ഷിനിജ (39) പുവ്വത്തും ചോല  അരുണ്‍കുമാര്‍ (28) ബിജു കൊളോറക്കണ്ടി (40) അരീക്കര ദിലീഷ് കുമാര്‍ (39) പീടികക്കക്കോട്ട് മീത്തല്‍ സത്യന്‍ (38) എന്നിവര്‍ക്കാണ് പരുക്കേറ്റത് ഇവരെ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനം തുടങ്ങുന്നതിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ പ്രത്യേക ഗ്രാമസഭ വിളിക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡിലെ വോട്ടര്‍മാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച്ച ഗ്രാമസഭ വിളിച്ചത്. ക്വാറിയെ എതിര്‍ക്കുന്നതിനു വേണ്ടി അഞ്ഞൂറോളം ആളുകള്‍ ഗ്രാമസഭയില്‍ എത്തിച്ചേര്‍ന്നിരുന്നു. പ്രമേയം പാസാവുന്നതു തടയാന്‍ വേണ്ടി ക്വാറി മാഫിയയുടെ ആളുകള്‍ ബഹളം വെക്കുകയും ഖനന വിരുദ്ധ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയുമായിരുന്നു.
ഗ്രാമസഭ അലങ്കോലമാക്കിയതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനം കൈയ്യേറിയാണ് രണ്ടാം വാര്‍ഡ് ആക്ഷന്‍ കമ്മിറ്റി ട്രഷററായ ബിജുവിനേയും രാജേഷിനേയും മര്‍ദിച്ചത്.

RELATED STORIES

Share it
Top