പ്രതീക്ഷയോടെ ജില്ലയിലെ തോട്ടംമേഖല

കല്‍പ്പറ്റ: തോട്ടംമേഖലയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ ദുരിതജീവിതത്തില്‍ നിന്നു മോചനം നല്‍കുമെന്ന പ്രതീക്ഷയില്‍ ജില്ലയിലെ തോട്ടംതൊഴിലാളികള്‍. സംസ്ഥാനത്ത് ഇടുക്കി, വയനാട്, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ എസ്‌റ്റേറ്റുകളുള്ളത്. 2,13100 ഹെക്റ്ററാണ് ജില്ലയുടെ മൊത്തം വിസ്തീര്‍ണം. ഇതില്‍ 6.75 ശതമാനവും വന്‍കിട എസ്‌റ്റേറ്റുകളുടെ കൈവശത്തിലാണ്. 4,744 ഹെക്റ്റര്‍ തേയില പ്ലാന്റേഷനും 3,633 ഹെക്റ്റര്‍ കാപ്പി എസ്‌റ്റേറ്റും 3,760 ഹെക്റ്റര്‍ ഏലം എസ്‌റ്റേറ്റും വയനാട്ടിലുണ്ട്. 2,230 ഹെക്റ്റര്‍ എസ്‌റ്റേുകളില്‍ സമ്മിശ്ര വിളകളും കൃഷി ചെയ്യുന്നു.
ആകെ ഭൂവിസ്്തൃതിയുടെ 14,367 ഹെക്റ്ററും വിരലിലെണ്ണാവുന്ന വന്‍കിട എസ്‌റ്റേറ്റുകളുടെ കൈവശത്തിലാണ്. എച്ച്എംഎല്‍ കമ്പനി അനധികൃതമായി കൈവശംവക്കയ്ുന്ന 60,000 ഏക്കര്‍ ഭൂമിയില്‍ 20,000 ഏക്കറും വയനാട്ടിലാണ്. ജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന ചെറുകിട-നാമമാത്ര കര്‍ഷകരുടെ കൈവശമുള്ളത് വെറും 82,656 ഹെക്റ്റര്‍ മാത്രമാണ്. ഇവയിലെല്ലാം കൂടി 11000ത്തിലധികം തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്. ചായത്തോട്ടങ്ങളിലാണ് ഭൂരിപക്ഷവും പണിയെടുക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒമ്പതിന പരിപാടിയാണ് തോട്ടംമേഖലയില്‍ പ്രതീക്ഷയ്ക്കു വക നല്‍കുന്നത്. കൂലി 600 രൂപയായി വര്‍ധിപ്പിക്കുക, ജോലി സമയം ആറു മണിക്കൂറായി ചുരുക്കുക, താമസിക്കാന്‍ വീടും ആധുനിക ചികില്‍സാ സൗകര്യവും മെച്ചപ്പെട്ട പെന്‍ഷനും ലഭ്യമാക്കുക, തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കുക, ഗ്രാറ്റിവിറ്റി നിയമത്തില്‍ മാറ്റംവരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. സംസ്ഥാനത്ത് മൂന്നു ലക്ഷത്തിലധികം തൊഴിലാളികള്‍ തോട്ടം മേഖലയില്‍ ജോലിയെടുക്കുന്നുണ്ട്. നേരത്തെ ഏറ്റവും ആകര്‍ഷകമായ തൊഴില്‍ മേഖലയായിരുന്നു തോട്ടം.
സ്ഥിരപ്പെടാന്‍ വര്‍ഷങ്ങളോളം ലോക്കല്‍ തൊഴിലാളികളായി കാത്തിരിക്കുന്ന ആയിരക്കണക്കിനാളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ എസ്‌റ്റേറ്റുകളില്‍ ജോലി ചെയ്യാന്‍ ആളെ കിട്ടുന്നില്ല. ഈ മേഖല ആകര്‍ഷകമാക്കാന്‍ നിയമങ്ങളില്‍ കാതലായ മാറ്റം വരുത്തണമെന്ന തൊഴിലാളി സംഘടനകളുടെ ദീര്‍ഘകാല ആവശ്യമാണ് സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കാന്‍ പോവുന്നത്.

RELATED STORIES

Share it
Top