പ്രതീക്ഷയുടെ കനാല്‍ വീണ്ടും ഒഴുകട്ടെ...

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

1848 ല്‍ മലബാര്‍ കലക്ടറായിരുന്ന വി എച്ച് കനോലി സായിപ്പ്  കനാല്‍ നിര്‍മിക്കുമ്പോള്‍ മനോഹരമായ ജലപാതയാണ് സ്വപ്‌നംകണ്ടത്. പക്ഷേ, അതിന്ന് മാലിന്യവാഹിനിയാക്കി.നാടിന്റെ  എല്ലാ അഴുക്കും പേറി കനോലി കനാല്‍ ഒഴുകികൊണ്ടിരിക്കുകയാണ്. കനോലി ഇന്ന് കനാലല്ല.  പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രമാണ്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ കനാലിന് അധികനാള്‍ ആയുസുണ്ടാകില്ല.നമുക്ക് ചെയ്യാനുള്ളത് ഇതാണ്. കനാലിനുള്ളതെല്ലാം കനാലിന് തന്നെ മടക്കി നല്‍കുക.
കനാലിന്  വേണ്ടാത്തതൊന്നും കനാലിലേക്ക് തള്ളാതിരിക്കുക.  ഇപ്പോള്‍ നമുക്കു കനാലിന്റെ  ജീവനുവേണ്ടി പ്രയത്‌നിക്കാം.നാളെ കനാല്‍  നമ്മുടെ ജീവനായിക്കൊള്ളും. നിശ്ചയദാര്‍ഢ്യത്തോടെ, ഒത്തൊരുമയോടെ,കനാല്‍ തീരത്തേക്ക് നമുക്ക് വീണ്ടും ചെല്ലാം,പ്രതീക്ഷയുടെ കനാല്‍ വീണ്ടും ഒഴുകട്ടെ.കനാലിലെ ലോക്ക് കംബ്രിഡ്ജുകള്‍ തകര്‍ന്നിട്ടും പുനര്‍നിര്‍മിക്കാത്തതില്‍  കൃഷിയും ശുദ്ധജലസാന്നിധ്യവും നഷ്ടപ്പെട്ട ദുരിതത്തിലാണ് ഒരുനാട് മുഴുക്കെയും. പുതിയ ലോക്ക് കംബ്രിഡ്ജിന് തറക്കല്ലിട്ട് മുപ്പത് വര്‍ഷമായി. ഇനിയും വെളിയംകോട് ലോക്ക് കം ബ്രിഡ്ജ് യാഥാര്‍ഥ്യമായിട്ടില്ല. പദ്ധതിയുടെ നിര്‍മാണച്ചുമതല കിഫ്ബി ഏറ്റെടുത്തിരുന്നു.ഇതു സംബന്ധമായി ഇന്നലെയാണ് ഉത്തരവിറങ്ങിയത്.കനാലിന്റെ വികസനത്തിനായി കോടികളുടെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കനാലിന്റെ വീതി ആറുമീറ്ററാക്കി ആഴം മൂന്നര മീറ്ററാക്കി ജലപാതയൊരുക്കുകയാണു പദ്ധതിയിലുള്ളത്.ഇതിന്റെ പ്രാരമ്പ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. പൊന്നാനി പോലെയുള്ള സ്ഥലങ്ങളില്‍ കനാലിന് മൂന്നു മീറ്റര്‍ വീതി മാത്രമാണുള്ളത്.ഇവിടങ്ങളില്‍ ആറു മീറ്ററാക്കുക എന്നത് പ്രയാസകരമായിരിക്കും. സ്ഥലം ഏറ്റെടുക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. അതിനുപുറമെ പാലത്തിന് കുറുകെയുള്ള അമ്പതിലധികം നടപ്പാലങ്ങള്‍ പൊളിക്കുകയും വേണം. ഇതെല്ലാം ഏതു രീതിയില്‍ സാധ്യമാകുമെന്ന് കണ്ടറിയണം.കനോലി കനാല്‍ സംരക്ഷണം ഇനിയും വൈകാന്‍ പാടില്ല. കനോലി കനാലില്‍ പലയിടത്തു പലപ്പോഴായി പണി നടത്തുന്നതിനു പകരം ഒറ്റ ടെന്‍ഡറില്‍ത്തന്നെ എല്ലാ പ്രവൃത്തിയും  നടത്തിയാലേ ഗുണം കിട്ടൂ.
അതല്ലെങ്കില്‍ ഒരു ഭാഗത്തെ പണി പൂര്‍ത്തിയാക്കി അടുത്ത സ്ഥലത്തെ പ്രവൃത്തി നടത്തുമ്പോഴേക്കും വീണ്ടും ആദ്യഭാഗത്തു മണ്ണടിയും. കനോലി കനാലില്‍ ഒഴുക്ക് പുനഃസ്ഥാപിക്കുകയാണു പ്രധാനം. കനോലി കനാലില്‍ അമ്പതിലധികം പാലങ്ങളാണുള്ളത്. ഉയരം ശരാശരി 4.5 മീറ്ററില്‍ താഴെ. ജലപാത എന്ന ആശയം പ്രാവര്‍ത്തികമാക്കണമെങ്കില്‍ പാലങ്ങള്‍ പുനര്‍നിര്‍മിക്കേണ്ടി വരും. അതിനുള്ള പദ്ധതി നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് അറിഞ്ഞത്. സബര്‍മതി കഴിഞ്ഞാല്‍ ഇന്ത്യയില്‍ നഗരമധ്യത്തില്‍ ഉള്ള പ്രധാന കനാലാണു കനോലി. ഇവിടേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ മോടി കൂട്ടാനുള്ള പദ്ധതികള്‍ വേണം. അലങ്കാര വിളക്കുകള്‍, നടപ്പാത, ഇരു കരകളിലും ഇരിക്കാനുള്ള സൗകര്യം എന്നിവ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ഒരുക്കണം.ബോട്ട് സര്‍വീസ് ഏര്‍പ്പെടുത്തണം. ഇതിനെല്ലാം ജനങ്ങളുടെ സഹകരണം വേണം.

(അവസാനിച്ചു)

RELATED STORIES

Share it
Top