പ്രതീക്ഷയും നിരാശയും

സ്വന്തം പ്രതിനിധി

മലപ്പുറം: സംസ്ഥാന ബജറ്റില്‍ ജില്ലയ്ക്ക് ആഗ്രഹിച്ചതൊന്നും ലഭിച്ചില്ല. അടിസ്ഥാന-ആരോഗ്യ-വിദ്യഭ്യാസ മേഖലയിലെ പൊതുവായ നിര്‍ദേശങ്ങളിലൂടെയും നീക്കയിരിപ്പിലൂടെയും ലഭിക്കുന്ന വികസനം ജില്ലയുടെ കൈകളിലേക്കും എത്തിയാല്‍ ബജറ്റില്‍ ജില്ലയ്ക്കും ആശ്വാസം കണ്ടെത്താം. സംസ്ഥാന ബജറ്റില്‍ തീരദേശ മേഖലയുടെ സമഗ്ര വികസനമാണ് ധനമന്ത്രി തോമസ് ഐസക് പ്രധാനമായും മുന്നോട്ടുവച്ചത്്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മലപ്പുറം കാന്‍സര്‍ സെന്റര്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഒരു പ്രഖ്യാപനവും ബജറ്റില്‍ കണ്ടില്ല. ഭാരതപ്പുഴയ്ക്ക് കുറകെയുള്ള ചമ്രവട്ടം റെഗുലേറ്റര്‍ കംബ്രിഡ്ജ് ചോര്‍ച്ച പരിഹരിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച തുക നീട്ടിനല്‍കി. എന്നാല്‍, സംസ്ഥാനത്തിന്റെ തന്നെ പ്രധാന പദ്ധതിയായി കൊണ്ടുവന്ന പൊന്നാനി വാണിജ്യതുറമുഖം യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഒരു പ്രഖ്യാപനവും ബജറ്റില്‍ വന്നില്ല. ജില്ലയുടെ പിന്നാക്കം നില്‍ക്കുന്ന തീരദേശത്തിനും ഇത് മുതല്‍ക്കൂട്ടാവും. 200കോടി രൂപയുടെ തീരദേശ പാക്കേജാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഉള്‍നാടന്‍ മല്‍സ്യഖനനത്തിന് 240 കോടിയും തീരദേശ വികസനത്തിന് 238 കോടിരൂപയും മല്‍സ്യതൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് 150 കോടിരൂപയുമടക്കം 600 കോടി രൂപ തീരദേശ മേഖലയ്ക്കായി മാറ്റിവച്ചിട്ടുണ്ട്. ഇതില്‍ ജില്ലയുടെ തീരദേശ വികസന പ്രതീക്ഷകളും ഉള്‍പ്പെട്ടാല്‍ മാത്രം അതില്‍ ആശ്വാസിക്കാം. താനൂര്‍, പരപ്പനങ്ങാടി മല്‍സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ വേണ്ട പണം നബാര്‍ഡ് വായ്പയായി നല്‍കാന്‍ തീരുമാനിച്ചത് ഈ തുറമുഖങ്ങളുടെ പൂര്‍ത്തീകരണത്തിന് വേഗം കൂട്ടും. ഇത് ജില്ലയ്ക്ക് ലഭിച്ച പ്രധാന സമ്മാനമാണ്. എല്ലാ മെഡിക്കല്‍ കോളജുകളിലും കാന്‍സര്‍ ചികില്‍സാ വിഭാഗം തുടങ്ങുമെന്നതിനും മെഡിക്കല്‍ കോളജുകളുടെ നവീകരണത്തിനും ബജറ്റില്‍ പ്രധാന്യം നല്‍കിയിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെട്ടാല്‍ മഞ്ചേരി മെഡിക്കല്‍ കോളജിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമാവും. പ്രവാസികള്‍ക്ക് ബജറ്റില്‍ മുന്തിയ പരിഗണന നല്‍കിയത് ജില്ലയിലെ പ്രവാസികള്‍ക്ക് മുതല്‍ക്കൂട്ടാവും. അതേസമയം, ജില്ലയുടെ വികസന പ്രതീക്ഷകള്‍ക്ക് കുതിപ്പേകുന്ന കാര്യമായ ഒരു പ്രഖ്യാപനവും ബജറ്റില്‍ ഇല്ലാത്തത് നിരാശയാണ് ബാക്കിയാക്കുന്നത്. ജില്ലയിലെ എംഎല്‍എമാരുടെ മുഴുവന്‍ പദ്ധതി പ്രപ്പോസലുകള്‍ക്കും ടോക്കണ്‍ നല്‍കി പരിഗണിച്ചത് ആശ്വാസം നല്‍കുന്നു

RELATED STORIES

Share it
Top