പ്രതീക്ഷകള്‍ക്കും ആശങ്കകള്‍ക്കുമിടയില്‍ സൗദി വിപണികബീര്‍ കൊണ്ടോട്ടി

ജിദ്ദ: കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ സൗദിയില്‍ നിലവില്‍ വന്ന സാമ്പത്തിക വ്യാപാര സേവന  രംഗത്തെ നിയമ മാറ്റങ്ങള്‍ സൗദി വ്യാപാര സാമ്പത്തിക മേഖലയെ ആശങ്കകള്‍ക്കും പ്രതീക്ഷകള്‍ക്കുമിടയിലാക്കിയിരിക്കുകയാണ്. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടക്കമുള്ള സ്വകാര്യ മേഖലക്കും ആശ്രിത വിസയിലുള്ളവര്‍ക്കും ഘട്ടം ഘട്ടമായി വര്‍ധിച്ചു വരുന്ന ലെവി ഏര്‍പെടുത്തിയത് വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഒന്നര വര്‍ഷത്തിനിടയില്‍  ഫൈനല്‍ എക്‌സിറ്റില്‍ രാജ്യവിട്ടവരുടെ എണ്ണം പത്ത് ലക്ഷത്തോട് അടുക്കുന്നുവെന്നാണ് കണക്കുകള്‍. ശരാശരി പ്രതിദിനം 1500 ന്റെയും 1600 ന്റെയും ഇടയിലാണ് വിവിധ രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണം.. റമദാനിന്റെ അവസാനത്തോടെ അറബ് വംശജരുടെ ഒഴുക്ക് വര്‍ധിക്കും. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ രാജ്യം വിടുന്നത് ഈജിപ്തില്‍ നിന്നുള്ള കുടുംബങ്ങള്‍ ആയിരിക്കും. സൗദി വിപണിയെ നിലനിര്‍ത്തുന്നതില്‍ ഏറ്റവും കൂടുതല്‍ പേര്‍ യമന്‍ ഈജിപ്ത് സുഡാന്‍ ലബനോണ്‍ ഫലസ്തീന്‍ തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇവരുടെ തിരിച്ച് പോക്കിനെ ആശ്രയിച്ചാകും വിപണിയുടെ ഗതി നിര്‍ണ്ണയിക്കാന്‍ സാധിക്കുക.
അതേ സമയം തന്നെ പെട്രോളിന്റെയും വൈദ്യുതിയുടെയും വിലയിലുണ്ടായ മൂന്ന് മടങ്ങ് വര്‍ധനയും വിദ്യാഭ്യാസ ഫീസ് മുതല്‍ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഏര്‍പ്പെടുത്തീട്ടുള്ള  അഞ്ച് ശതമാനം നികുതിയും പലരുടെയും ജീവിത ബജറ്റ് താളം മറിച്ചു. ഇതിനെ അതിജീവിക്കുന്നതിന്റെ ഭാഗമായി ആവശ്യവും ആശ്വാസവുമായ പലതും വേണ്ടന്ന്  കരുതുന്നവരാണ് പലരും. കാര്‍ വിപണിയേയും റിയല്‍ എസ്‌റ്റേറ്റ് മേഖലകളെയുമാണ് ഇത് ആദ്യമായി പ്രതികൂലമായി ബാധിച്ചത്്.
പൂര്‍ണ്ണമായ മൊബൈല്‍ ഷോപ്പ് സൗദിവല്‍ക്കരണത്തിന് ശേഷം 12 മേഖലകള്‍ കൂടി ഉടന്‍ പൂര്‍ണ്ണ സൗദിവല്‍കരണത്തിന് കീഴില്‍ വരും.  ഇന്ത്യയില്‍ നിന്നും പ്രത്യേകിച്ച് കേരളത്തില്‍ നിന്നുമുള്ള നിരവധി പേരെ ഇത് പ്രതികൂലമായി ബാധിക്കും.
നിലവില്‍ രാജ്യം വിടുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗം പേരും ആശ്രിത വിസയില്‍ കഴിഞ്ഞിരുന്നവരും ജോലി നഷ്ടപ്പെട്ടവരും മൂന്ന് പതിറ്റാണ്ടില്‍ അധികം പ്രവാസിയായി ജീവിതം നയിച്ച് തിരിച്ച് പോകുന്നവരുമാണ്. ലെവി അടയ്ക്കുന്ന സംഖ്യയില്‍ ഇളവ് ലഭിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം ഏപ്രിലോടെ നിലവിലുള്ള കുടുംബത്തിന്റെ 50% വും നാട്ടിലേക്ക് തിരിക്കും. ഇത് സ്വകാര്യ സ്‌കൂളുകള്‍, ഹോസ്പിറ്റല്‍ വസ്ത്ര വ്യാപാര കേന്ദ്രങ്ങള്‍, ഭക്ഷ്യ വില്‍പന കേന്ദ്രങ്ങള്‍ പുസ്തക വില്‍പന കേന്ദ്രങ്ങള്‍ ടാക്‌സികള്‍ ഫ്‌ളാറ്റുകള്‍ എന്നീ മേഖലകളെ പ്രതികൂലമായി ബാധിക്കും.


എന്നാല്‍ കഴിഞ്ഞ ദിവസം സൗദി പാസ്‌പോര്‍ട്ട് വിഭാഗം സന്ദര്‍ശന വിസക്ക് അനുവദിച്ച നിരക്ക് ഇളവ് ആകര്‍ഷണീയമാണ്. പ്രഖ്യാപിച്ച ഉടനെ പ്രാബല്യത്തില്‍ വന്ന നിരക്കിളവ് കുടുതല്‍ പേര്‍ പ്രയോജനപെടുത്തും എന്നാണ് പ്രതീക്ഷ. 2000 റിയാലില്‍ നിന്ന് 300 റിയാലായാണ് നിരക്ക് കുത്തനെ കുറച്ചത്. നടപടി ട്രാവല്‍ ആന്റ് ടൂറിസം ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഹോട്ടല്‍ ഫ്‌ലാറ്റുകള്‍ ഭക്ഷ്യവില്‍പ്പന കേന്ദ്രങ്ങള്‍ ഹോസ്പിറ്റലുകള്‍ കാര്‍ഗോ ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ എന്നീ മേഖലകള്‍ക്ക് ഉണര്‍വേകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ നിലവിലെ നിയമം അനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കോ ബാങ്കിംഗ് ഇടപാടുകള്‍ക്കോ ഇതിന്റെ നേട്ടം ഉണ്ടാവില്ല. ആഗോള വിപണിയില്‍ ക്രൂഡോയിലിന്റെ വിലയില്‍ വര്‍ധനവ് അനുഭവപ്പെടുന്നത് സൗദി സാമ്പത്തിക മേഖല കൂടുതല്‍ കരുത്ത് ആര്‍ജ്ജിക്കാന്‍ കാരണമായാല്‍ തൊഴില്‍ വിപണിയില്‍ വിദഗ്ധരുടെയും അവിദഗ്ധരുടെയും സാധ്യതക്ക് മങ്ങലേല്‍ക്കില്ല.RELATED STORIES

Share it
Top