പ്രതീക്ഷകളോടെ സെനഗല്‍
2002ല്‍ ആദ്യമായി ഫുട്‌ബോള്‍ ലോകകപ്പിന് യോഗ്യത നേടിയ സെനഗല്‍ റഷ്യയില്‍ രണ്ടാം ലോകകപ്പിനിറങ്ങുമ്പോള്‍ പ്രതീക്ഷകളേറെയാണ്. അന്ന് ക്വാര്‍ട്ടറിലെത്തിയാണ് ടീം തങ്ങളുടെ പ്രവേശനം ഗംഭീരമാക്കിയത്. 2002ലെ ആദ്യ മല്‍സരത്തില്‍ ഫ്രാന്‍സിനെ 1-0ന് പരാജയപ്പെടുത്തി ഞെട്ടിച്ച ആഫ്രിക്കന്‍ ടീം പിന്നീട് പ്രഥമ ലോകകപ്പ് സ്വന്തമാക്കിയ ഉറുഗ്വായെ 3-3നും താരതമ്യേന കരുത്തരായ ഡെന്‍മാര്‍ക്കിനെ 1-1നും സമനിലയില്‍ പിടിച്ച് ഗ്രൂപ്പില്‍ ഡെന്‍മാര്‍ക്കിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. പ്രീക്വാര്‍ട്ടറില്‍ സ്വീഡനെയും (2-1) പരാജയപ്പെടുത്തി ക്വാര്‍ട്ടറിലേക്ക് കുതിച്ച ടീമിന് സഡന്‍ ഡെത്തില്‍ തുര്‍ക്കിയോട് പരാജയപ്പെടാനായിരുന്നു വിധി. പിന്നീട് 16 വര്‍ഷങ്ങള്‍ക്കിപ്പുറം ടീം വീണ്ടുമൊരു ലോകകപ്പിന്റെ അതിഥിയായിരിക്കുകയാണ്. നിലവില്‍ എതിര്‍ ടീമുകളെ വെള്ളം കുടിപ്പിച്ച് പരാജയപ്പെടുത്താനുള്ള കരുത്ത് സെനഗലിനുണ്ട്. എങ്കിലും അവസാനം നടന്ന സൗഹൃദ മല്‍സരത്തില്‍ അത്ര കരുത്തരല്ലാത്ത ബോസ്‌നിയയോടും ഉസ്‌ബെക്കിസ്താനോടും സമനില വഴങ്ങിയാണ് ടീം ലോകകപ്പിന് ബൂട്ടുകെട്ടാനൊരുങ്ങുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നവരാണ് നിലവിലെ ടീമിലെ മിക്കവരും. ആയതിനാല്‍ ലോക താരങ്ങളടങ്ങിയ പ്രീമിയര്‍ ലീഗില്‍ കളിച്ച പരിചയവുമായാണ് ടീം റഷ്യയിലിറുക.
ടീമിന് വേണ്ടി 51 മല്‍സരങ്ങള്‍ കളിച്ച ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ സാദിയോ മാനെയാണ് ടീമിന്റെ ആക്രമണ കുന്തമുന. ഒപ്പം ക്രിസ്റ്റല്‍ പാലസിന്റെ പെപെ സൗറയും എവര്‍ട്ടന്റെ ഇദ്രീസ ഗ്വോയയും ഒമര്‍ നിസാസയും സ്‌റ്റോക്കിന്റെ ബഡോ ഇന്‍ഡിയെയും മാമെ ബിറാം ദിയുഫും ദേശീയ ടീമില്‍ അണിനിരയ്ക്കുന്നുണ്ട്. ഇവരെ ഉള്‍ക്കൊള്ളിച്ച് നാട്ടിലെ കോച്ച് അലിയൊ സിസ്സെ ചിട്ടയായ പരിശീലനത്തിലൂടെ ടീമിനെ ചരടു വലിച്ചാല്‍ സെനഗലിനും കിരീടം നാട്ടിലെത്തിക്കാം.

RELATED STORIES

Share it
Top