പ്രതി തൃത്താലക്കാരുടെ സ്വര്‍ണക്കുട്ടികേസെടുക്കാതിരിക്കാന്‍ സമ്മര്‍ദം ചെലുത്തിയത് സിപിഎം നേതാക്കളെന്ന്

പട്ടാമ്പി: എടപ്പാളില്‍ പത്തു വയസ്സുകാരിയെ സിനിമാ തിയേറ്ററില്‍വച്ച് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കെതിരേ കേസ്സെടുക്കാതിരിക്കാന്‍ പോലിസില്‍ സമ്മര്‍ദം ചെലുത്തിയത് തൃത്താലയിലെ രണ്ട് സിപിഎം പ്രാദേശിക നേതാക്കളാണെന്ന ആരോപണം ശക്തമായി.
വിദേശത്തും, നാട്ടിലും സ്വര്‍ണ വ്യാപാരം നടത്തുന്ന പ്രതി മൊയ്തീന്‍കുട്ടി സ്വര്‍ണക്കുട്ടി എന്ന പേരിലാണ് നാട്ടില്‍ അറിയപ്പെടുന്നത്. തൃത്താലയിലെ സിപിഎമ്മിന്റെ കറവപ്പശുവാണ് ഈ കോടീശ്വരന്‍. തൃത്താല പോലിസ് സ്‌റ്റേഷന് സമീപത്ത് തന്നെയാണ് ഇയാളുടെ വീട്. സിപിഎമ്മിന്റെ പ്രാദേശിക യോഗങ്ങളും ഇയാളുടെ വീട്ടില്‍വച്ച് നടക്കാറുണ്ടത്രേ.
പോലിസില്‍ പരാതി ലഭിച്ചതോടെ കേസ് ഒതുക്കി തീര്‍ക്കാന്‍ ഇയാള്‍ ആരോപണ വിധേയരായ സിപിഎമ്മിന്റെ രണ്ട് നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും സൂചനയുണ്ട്. കേസ് ഒതുക്കി തീര്‍ക്കാമെന്ന സിപിഎം നേതാക്കളുടെ ഉറപ്പിലാണ് മൊയ്തീന്‍കുട്ടി വിദേശത്തേക്ക് പോവാതെ നാട്ടില്‍ തങ്ങിയതെന്നും അറിവായിട്ടുണ്ട്.
എടപ്പാളിലെ ഒരു തിയേറ്ററില്‍ കഴിഞ്ഞമാസം 18നാണ് സംഭവം നടന്നത്. തിയേറ്ററിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളടക്കം തിയേറ്റര്‍ ഉടമകള്‍ ചൈല്‍ഡ് ലൈന്‍ മുഖേന എടപ്പാള്‍ പോലിസില്‍ പരാതി നല്‍കിയിട്ടും പ്രതിക്കെതിരേ പോലിസ് കേസെടുത്തിരുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ ഒരു ചാനല്‍ പുറത്ത് വിട്ടതോടെയാണു വിദേശത്തേക്ക് പോവാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയെ ഷൊര്‍ണൂരില്‍വച്ച് പോലിസ് പിടികൂടിയത്.
അതേസമയം പ്രതി മൊയ്തീന്‍കുട്ടിക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി പി എന്‍ മോഹനന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രതി മൊയ്തീന്‍കുട്ടി ലീഗ് അനുഭാവിയാണെന്ന് വരുത്തിത്തീര്‍ത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് തൃത്താല പഞ്ചായത്ത് കമ്മിറ്റി തൃത്താല പോലിസില്‍ പരാതി നല്‍കി. എടപ്പാള്‍ സംഭവത്തില്‍ എംഎല്‍എക്കെതിരേ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് ഇന്ന് തൃത്താലയില്‍ പ്രതിഷേധയോഗം നടത്തും.

RELATED STORIES

Share it
Top