പ്രതിസന്ധികള്‍ അനവധി; വിയോജിപ്പുകളിലും പരിഹാരമില്ല

ഹൈദരാബാദ്: സിപിഎം 22ാം പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിക്കുമ്പോള്‍ ഐക്യം ഊട്ടിയുറപ്പിച്ചുവെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും സിപിഎമ്മിന് തിരിച്ചടികള്‍ ഏറെയാണ്. പാര്‍ട്ടിയിലെ പ്രമുഖ ഘടകങ്ങളായ പശ്ചിമ ബംഗാളിനും കേരളത്തിനും ഇടയിലെ അവിശ്വാസം വീണ്ടും ദൃശ്യമായി. നിലപാടിന്റെ കാര്യത്തില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഒരു യോജിപ്പുമില്ലെന്നത് പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ തന്നെ പ്രകടമായിരുന്നു. നയം മാത്രമല്ല, നേതാക്കള്‍ക്കിടയിലെ വ്യക്തിപരമായ അകല്‍ച്ചയും തര്‍ക്കവുമാണ് ഭിന്നതയ്ക്ക് ആക്കംകൂട്ടുന്നത്. ഈ ആശയക്കുഴപ്പത്തിന് സ്ഥിരമായ പരിഹാരം കാണാനും പാര്‍ട്ടി കോണ്‍ഗ്രസ്സിന് കഴിഞ്ഞിട്ടില്ല.
അസാധാരണ നീക്കങ്ങള്‍ കണ്ട പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ദേശീയതലത്തിലെ പ്രതിസന്ധിയും തിരിച്ചടിയും നേരിടാന്‍ സ്ഥായിയായ വഴികളും കണ്ടെത്താനായിട്ടില്ല. പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങും മുമ്പ് ഏറെ ചര്‍ച്ചാപ്രാധാന്യം നേടിയ രാഷ്ട്രീയ പ്രമേയത്തില്‍ ഇരുപക്ഷവും വിട്ടുവീഴ്ച ചെയ്തുള്ള താല്‍ക്കാലിക പരിഹാരമാണ് ഉണ്ടാക്കാനായത്. പശ്ചിമ ബംഗാളിനു പുറമേ ത്രിപുരയിലും ഭരണം നഷ്ടമായ സിപിഎമ്മിന് ദേശീയതലത്തില്‍ ഒരു തിരിച്ചുവരവിനുള്ള വ്യക്തമായ പാത കണ്ടെത്താനായിട്ടില്ലെന്നുവേണം കരുതാന്‍. 2004ല്‍ ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് വഹിച്ചതുപോലെ ബദല്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് ചാലകശക്തിയായി മാറാന്‍ ഇന്നത്തെ സിപിഎം നേതൃത്വത്തിനു കഴിയുമോ എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമില്ല.
പിബിയില്‍ ഇപ്പോഴും പ്രകാശ് കാരാട്ട് പക്ഷത്തിനാണു മുന്‍തൂക്കം. എന്നാല്‍, കേന്ദ്രകമ്മിറ്റിയില്‍ കരുത്ത് വര്‍ധിപ്പിക്കാന്‍ യെച്ചൂരിക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം അനുകൂലമായാല്‍ യെച്ചൂരിക്ക് പിന്തുണയേറുമെന്നു മാത്രമല്ല, പാര്‍ട്ടിയിലെ സമവാക്യങ്ങളും മാറിമറിയും. തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാലും അതിന്റെ പ്രതിഫലനമുണ്ടാവും. ദേശീയതലത്തില്‍ വിശാല പ്രതിപക്ഷ ഐക്യത്തിനുള്ള സാധ്യതയുണ്ടെങ്കില്‍ പ്രമേയത്തിലെ പഴുതുപയോഗിച്ചു തന്നെ യെച്ചൂരി അതിനു ശ്രമിക്കുമെന്നതില്‍ സംശയമില്ല.

RELATED STORIES

Share it
Top