പ്രതിസന്ധികളെ പൊരുതിത്തോല്‍പിച്ച് പെണ്‍കൂട്ടം

പൊന്നാനി: ഞങ്ങളെ മാന്യമായി ജീവിക്കാന്‍ അനുവദിക്കാമോ?, ആരുടെയും സഹായമില്ലാതെയാണു ഞങ്ങള്‍ ആറുപേര്‍ പാതവക്കില്‍ ഈ തട്ടുകട നടത്തുന്നത്. മാന്യമായി ജീവിക്കാനുള്ള ശ്രമമാണ്. അതു തകര്‍ക്കുന്നവരോട് ദൈവം ചോദിച്ചോളും. ഏറെ സങ്കടത്തോടെയാണ് കാളച്ചാലിലെ സംസ്ഥാന പാതയോരത്ത് തട്ടുകട നടത്തുന്ന വനിതകള്‍  ഇതു പറഞ്ഞത്. മൂന്നുമാസം മുമ്പാണ് എടപ്പാള്‍ പഞ്ചായത്തിലുള്‍പ്പെട്ട കോലളമ്പിലെ കുടുംബശ്രീ പ്രവര്‍ത്തകരായ പ്രിയ, സൗമ്യ, സുജാത, ഗീത, സുശീല, മഞ്ജുള എന്നീ ആറുപേര്‍ ആലങ്കോട് പഞ്ചായത്തിലുള്‍പ്പെട്ട കാളച്ചാലിലെ പാതയോരത്ത് തട്ടുകട തുടങ്ങിയത്. ദിവസവും ശരാശരി മുവായിരം മുതല്‍ 4500 വരെ വരുമാനമുണ്ടായിരുന്ന ഇവര്‍ക്ക് ചെലവ് കഴിച്ചാലും 250 രൂപയോളം ലാഭം കിട്ടുമെന്നായി. പൊരിക്കടികള്‍ക്കു പുറമെ കഞ്ഞിയും ബീഫും കപ്പയും കിട്ടുമെന്നതിനാല്‍ വഴിയാത്രക്കാരും കയറാന്‍ തുടങ്ങി. ഇതിനിടയിലാണ് നാലു ദിവസം മുമ്പ് ഇവരുടെ തട്ടുകട ആരോ തകര്‍ത്ത് തൊട്ടടുത്തുള്ള വെള്ളം നിറഞ്ഞ വയലിലേയ്ക്കു വലിച്ചെറിത്തത്. ഇവരുടെ സങ്കടത്തില്‍ മനസലിവ് തോന്നിയ സമീപത്തെ ചില തട്ടുകടക്കാര്‍ തന്നെ സൗജന്യമായി തട്ടുകട പണിതു നല്‍കി. ഇപ്പോള്‍ പെരുന്നാള്‍ ദിനത്തില്‍ വീണ്ടും കച്ചവടം ആരംഭിച്ചിരിക്കുകയാണ് ഈ കുടുംബശ്രീ വനിതകള്‍. ഇനിയും അക്രമിക്കപ്പെടുമോയെന്നു ഭയന്ന് ഇവര്‍ പോലിസില്‍ പരാതിപ്പെട്ടിട്ടില്ല. പരാതിപ്പെട്ടാലും നീതി കിട്ടില്ലെന്ന് ഇവര്‍ ആശങ്കപ്പെടുന്നു. ഏതു നിമിഷവും ഒരു രാത്രിയുടെ മറപറ്റി തങ്ങളുടെ കട ഇനിയും തകര്‍ക്കപ്പെടുമെന്ന് ഇവര്‍ ഭയപ്പെടുന്നു. തൊട്ടു മുന്നിലുള്ള വലിയ ഹോട്ടലുകാര്‍ പോലും പൊരിക്കടികള്‍ വാങ്ങുന്നത് തങ്ങളുടെ പെട്ടിക്കടയില്‍ നിന്നാണെന്ന് ഇവര്‍ അഭിമാനത്തോടെ പറയുന്നു. തോറ്റുകൊടുക്കാനോ, പിന്മാറാനോ തയ്യാറല്ലെന്ന്് ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. രാവിലെ മുതല്‍ രാത്രി ഒമ്പതുവരെ ആണിടങ്ങളില്‍ സ്വന്തം ജീവിതവഴികള്‍ തുറന്നിടുകയാണ് ഈ പെണ്‍കൂട്ടം. പഞ്ചായത്തില്‍ നിന്ന് ഒരു സഹായവും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. എന്നാലും ഇവര്‍ തോറ്റുകൊടുക്കാന്‍ തയ്യാറല്ല.

RELATED STORIES

Share it
Top