പ്രതിഷേധ സ്വാതന്ത്ര്യം പോലും ഭരണകൂടം നിഷേധിക്കുന്നു; മനുഷ്യാവകാശ പ്രവര്‍ത്തനം ഇന്ത്യയില്‍ കുറ്റകരമാവുന്നു: എന്‍സിഎച്ച്ആര്‍

ഒബംഗളൂരു: സ്വതന്ത്രമായ മനുഷ്യാവകാശപ്രവര്‍ത്തനം ഇന്ത്യയില്‍ കുറ്റകരമായി മാറുന്ന അവസ്ഥയാണുള്ളതെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) നിര്‍വാഹകസമിതി യോഗം വിലയിരുത്തി. പൗരാവകാശ നിഷേധങ്ങള്‍ക്കെതിരേ പരസ്യമായി രംഗത്തുള്ള വ്യക്തികളെ കള്ളക്കേസുകള്‍ ചുമത്തി ജയിലിലടയ്ക്കുന്ന പതിവ് രാജ്യത്ത് തുടരുന്നു.
ഭരണകൂടവും അവരെ താങ്ങിനിര്‍ത്തുന്ന ബ്യൂറോക്രസിയും എല്ലാതരത്തിലുമുള്ള എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനാണു ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മനുഷ്യാവകാശം പറയുന്നവരെ മുഴുവനും തീവ്രവാദികളും മാവോവാദികളുമാക്കി ജയിലിലടയ്ക്കാനും സമൂഹത്തില്‍ ഒറ്റപ്പെടുത്താനുമാണ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പ്രമുഖ പൗരാവകാശ പ്രവര്‍ത്തകരായ പ്രഫ. സോമ സെന്‍, അഡ്വ. സുരേന്ദ്ര ഗാഡ്‌ലിങ്, സുധീര്‍ ധവാല്‍, റോണാ വില്‍സന്‍ എന്നിവര്‍ക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ ചുമത്തിയിട്ടുള്ള ജാമ്യമില്ലാ കേസുകള്‍. ജാമ്യം കിട്ടാതെ ഈ നാലുപേരും മാസങ്ങളായി തടവറയിലാണ്. ഇതിനെതിരേ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യംപോലും ഭരണകൂടം നിഷേധിക്കുകയാണ്.
ആദിവാസികളെയും പിന്നാക്ക-ദലിത് ന്യൂനപക്ഷങ്ങളെയും വെടിവച്ചുകൊല്ലുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അവകാശനിഷേധങ്ങളില്‍ പട്ടാളവും പോലിസുമാണ് പ്രതിസ്ഥാനത്തുള്ളത്. ചോദ്യംചെയ്യുന്ന എല്ലാ വിഭാഗങ്ങളെയും ആക്രമിക്കാനും കേസുകളില്‍പ്പെടുത്തി ജയിലിലടയ്ക്കാനുമാണ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പൗരാവകാശപ്രവര്‍ത്തകര്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനാല്‍ വിവരാവകാശ നിയമം അട്ടിമറിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ മനുഷ്യാവകാശ സംഘടന എന്ന പേര് ഉപയോഗിക്കുന്നതുപോലും വിലക്കുന്ന നിയമം നിലവിലുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലും മനുഷ്യാവകാശ ലംഘനങ്ങള്‍ പെരുകുന്നതായും യോഗം വിലയിരുത്തി. എന്‍സിഎച്ച്ആര്‍ഒ ചെയര്‍മാന്‍ പ്രഫ. എ മാര്‍ക്‌സ് അധ്യക്ഷത വഹിച്ചു.
ദേശീയ സെക്രട്ടറിമാരായ റെനി ഐലിന്‍, അഡ്വ. മുഹമ്മദ് യൂസുഫ്, ദേശീയ കോ-ഓഡിനേറ്റര്‍ മുഹമ്മദ് ജാനിബ് റിപോര്‍ട്ട് അവതരിപ്പിച്ചു. നരേന്ദ്ര മൊഹന്തി (ഒഡീഷ), മുഹമ്മദ് കക്കിഞ്ചെ (കര്‍ണാടക), മുഹമ്മദ് തന്‍വീര്‍, അഡ്വ. ഷാജഹാന്‍ (തമിഴ്‌നാട്), കാര്‍ത്തിക് നവയാന്‍ (തെലങ്കാന), വിളയോടി ശിവന്‍കുട്ടി, കെ പി ഒ റഹ്മത്തുല്ല (കേരളം) പങ്കെടുത്തു.

RELATED STORIES

Share it
Top