പ്രതിഷേധിക്കാനും അവകാശമില്ലാത്തവരോ?

ദലിത് പ്രക്ഷോഭങ്ങള്‍ക്കു നേരെ ഉത്തരേന്ത്യയില്‍ നടന്ന പോലിസ് വെടിവയ്പിലും പട്ടികജാതി-വര്‍ഗക്കാര്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമത്തിലെ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമങ്ങളിലും പ്രതിഷേധിച്ചുകൊണ്ട് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനോട് പ്രബുദ്ധ കേരളം പ്രതികരിച്ചതെങ്ങനെയാണ്? മുഖ്യധാരാ രാഷ്ട്രീയകക്ഷികളുടെ പിന്തുണയില്ലാതെയാണ് ഹര്‍ത്താല്‍ നടന്നത്. ചില പിന്തുണനാട്യങ്ങളുണ്ടായില്ലെന്നു പറയുന്നില്ല. ഹര്‍ത്താല്‍ വിജയിക്കുമെന്നു കണ്ടപ്പോള്‍ പിന്തുണയ്ക്കാനെത്തിയവരുണ്ട്. ഹര്‍ത്താലിനു ശേഷം തങ്ങളുടെ പരോക്ഷ പിന്തുണയുണ്ടായിരുന്നുവെന്ന് ചാനല്‍ ചര്‍ച്ചകളില്‍ അവകാശപ്പെട്ടവരുണ്ട്. എന്നാല്‍, ഒരു വസ്തുത വ്യക്തമാണ്. ഹര്‍ത്താലിനെ ഒരുനിലയ്ക്കും പൊറുപ്പിച്ചുകൂടാ എന്ന നിലപാടായിരുന്നു പോലിസിന്റേത്. സംഘടനാ നേതാക്കളെ അറസ്റ്റ് ചെയ്തുകൊണ്ടും അടച്ച കടകള്‍ തുറപ്പിച്ചുകൊണ്ടുമൊക്കെ പോലിസുദ്യോഗസ്ഥര്‍ 'പൗരധര്‍മം' ഭംഗിയായി നിറവേറ്റി.
പ്രബുദ്ധമെന്നവകാശപ്പെടുന്ന കേരളത്തിന്റെ പൊതുബോധവും ഹര്‍ത്താലിനോടോ അതിന്റെ ലക്ഷ്യങ്ങളോടോ ആനുകൂല്യം പുലര്‍ത്തിയിരുന്നു എന്നു പറഞ്ഞുകൂടാ. യാതൊരു ജനപിന്തുണയുമില്ലാത്ത രാഷ്ട്രീയകക്ഷികളും സംഘടനകളും നിസ്സാര കാര്യങ്ങള്‍ മുന്‍നിര്‍ത്തി ആഹ്വാനം ചെയ്യുന്ന ബന്ദുകളും ഹര്‍ത്താലുകളും വിജയിപ്പിച്ചുകൊടുക്കാന്‍ വേണ്ടി കടകള്‍ അടയ്ക്കുകയും ബസ്സോട്ടം നിര്‍ത്തുകയും ചെയ്യുന്ന പാരമ്പര്യമാണ് മലയാളികളുടേത്. എന്നാല്‍, ഹര്‍ത്താലാഹ്വാനം ദലിതുകളുടേതും അതിനു ലഭിക്കുന്ന പിന്തുണ പ്രധാനമായും ന്യൂനപക്ഷ-അധഃസ്ഥിത സംഘടനകളുടേതുമായതിനാലാവണം കടകള്‍ തുറന്നേ തീരൂ എന്നു പറഞ്ഞ് രംഗത്തിറങ്ങുകയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെയ്തത്. സംഘടനയുടെ സര്‍വാധിപതിയായ ടി നസിറുദ്ദീന്‍ ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങി. ചെറിയൊരു കശപിശയുണ്ടായാല്‍ മതി ബസ്സുകള്‍ നിരത്തിലിറക്കുകയില്ലെന്ന് ശാഠ്യം പിടിക്കുന്ന ബസ്സുടമകള്‍ ജനങ്ങള്‍ക്ക് യാത്രാസൗകര്യമൊരുക്കാന്‍ എന്തൊരു തിടുക്കമാണു കാട്ടിയത്! കെഎസ്ആര്‍ടിസിക്കുമുണ്ടായി അതിഗംഭീരമായ ജനസേവനതാല്‍പര്യം. അടച്ച കടകള്‍ തുറപ്പിക്കാനും സമരാനുകൂലികളെ വിരട്ടാനും പോലിസുകാരുമുണ്ടായിരുന്നു. എന്തുകൊണ്ടാണ് ഹര്‍ത്താല്‍ ഒരു കാരണവശാലും വിജയിക്കരുതെന്ന വാശി ഇവര്‍ക്കെല്ലാമുണ്ടായത്! സമരം ചെയ്യുന്നത് 'പറയനും പുലയനു'മായതുകൊണ്ടാണോ? പ്രതിഷേധിക്കാനുള്ള അര്‍ഹത വരേണ്യവര്‍ഗത്തിനു മാത്രമോ?
ദലിത് ഹര്‍ത്താലിനോട് ഭരണകൂടവും വ്യാപാരി-സംരംഭക സമൂഹവും പൊതുബോധവും കൈക്കൊണ്ട നിലപാട് മലയാളി മനസ്സില്‍ അടിഞ്ഞുകൂടിയ വൃത്തികേടുകളെക്കുറിച്ചുള്ള തിരിച്ചറിവുകളാണു നല്‍കുന്നത്. ഹര്‍ത്താലും ബന്ദും മറ്റു പ്രതിഷേധങ്ങളും ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നു എന്നതു ശരിതന്നെ. ഈ അസൗകര്യങ്ങള്‍ അസഹനീയമാവുന്നത് സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവര്‍ പ്രതിഷേധിക്കുമ്പോള്‍ മാത്രമാണെന്നു വരുമ്പോള്‍ അതു നാടിന് അപമാനകരമാണ്. നമ്മുടെ പ്രബുദ്ധതാനാട്യങ്ങളെ റദ്ദാക്കുന്ന ഏര്‍പ്പാടുമാണിത്.

RELATED STORIES

Share it
Top