പ്രതിഷേധവുമായി മന്ത്രി; ആഭ്യന്തര വകുപ്പിന് മൗനം

തിരുവനന്തപുരം: സംഘപരിവാര ഭീഷണിയെ തുടര്‍ന്ന് എസ് ഹരീഷിന്റെ പുതിയ നോവല്‍ മീശ പിന്‍വലിച്ച സംഭവത്തില്‍ എഴുത്തുകാരന് പിന്തുണയുമായി മന്ത്രി ജി സുധാകരന്‍. മൗലികവാദികളുടെ ഭീഷണിയുടെ പേരില്‍ എഴുത്ത് നിര്‍ത്തരുതെന്ന് മന്ത്രി ആവശ്യപ്പെട്ടപ്പോള്‍, ഹരീഷിന് നോവല്‍ പിന്‍വലിക്കേണ്ടിവന്നത് പ്രബുദ്ധകേരളത്തിന് നാണക്കേടാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എഴുത്തുകാരനെതിരേ ആക്രമണ ഭീഷണി ഉയര്‍ത്തിയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കങ്ങളുമായും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും അഭിപ്രായപ്രകടനത്തിനുള്ള അവകാശത്തെയും നിഷേധിക്കുന്ന സംഘപരിവാര നടപടി കേരളത്തിന് കളങ്കം വരുത്തിയിരിക്കുകയാണെന്ന് വി എം സുധീരന്‍ അഭിപ്രായപ്പെട്ടു.
അതേസമയം, സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണത്തിനും ആശയസംഘട്ടനത്തിനും ഇടയാക്കിയ സംഭവത്തില്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് മൗനം അവലംബിക്കുകയാണ്. ഇടത്-മതേതര-സാംസ്‌കാരിക നായകരുടെ മൗനവും ശ്രദ്ധേയമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി ഏറെ മുറവിളി ഉയര്‍ത്തുന്നവര്‍ സംഘപരിവാരം പ്രതിക്കൂട്ടിലാവുമ്പോള്‍ കാണിക്കുന്ന നിസ്സംഗത ഏവരെയും അദ്ഭുതപ്പെടുത്തുന്നതാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നു. സംഘപരിവാര സംഘടനയുടെ സംസ്ഥാന നേതാവ് തന്നെ ചാനല്‍ ചര്‍ച്ചയ്ക്കിടെ ഹരീഷിന്റെ കരണത്തടിക്കണമെന്ന് പറഞ്ഞിരുന്നു. കൂടാതെ സംഘപരിവാര അനുകൂലികള്‍ സാമൂഹികമാധ്യമങ്ങളില്‍ കടുത്ത ഭീഷണിയാണ് ഹരീഷിനു നേരെ ഉയര്‍ത്തുന്നത്. ഭാര്യയെയും കുട്ടികളെയും അപായപ്പെടുത്തുമെന്ന ആശങ്ക വരെ ഉയര്‍ന്നിരുന്നു. അസഭ്യവര്‍ഷവും വിദ്വേഷ പ്രചാരണവും അസഹനീയമായപ്പോഴാണ് ഹരീഷ് നോവല്‍ പിന്‍വലിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top