പ്രതിഷേധവുമായി ആര്‍എംപി ഡല്‍ഹി എകെജി ഭവനിലേക്ക്‌

കോഴിക്കോട്: ഒഞ്ചിയത്ത് ആര്‍എംപിഐ പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന ആസൂത്രിത ആക്രമണങ്ങള്‍ക്കെതിരേ ഡല്‍ഹിയിലെ സിപിഎം ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ കെ രമ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യമാകെ അസഹിഷ്ണുതയ്ക്കും ഫാഷിസത്തിനുമെതിരേ പ്രചാരണം സംഘടിപ്പിക്കുന്ന സിപിഎം കേന്ദ്രനേതൃത്വം, കേരള ഘടകത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനാധിപത്യ-മനുഷ്യ വിരുദ്ധ അക്രമങ്ങളില്‍ നിലപാട് വ്യക്തമാക്കണം. ഒഞ്ചിയത്ത് നടക്കുന്ന സിപിഎം തേര്‍വാഴ്ചയില്‍ സത്യസന്ധമായ നിലപാട് സ്വീകരിക്കാത്തപക്ഷം സിപിഎം നേതൃത്വത്തിന്റെ ഫാഷിസ്റ്റ് വിരുദ്ധ നിലപാട് ഇരട്ടത്താപ്പാണ്. ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടപ്പോള്‍ ഇതുസംബന്ധിച്ച് അന്വേഷണ കമ്മീഷനെ വച്ച് വസ്തുതകള്‍ പുറത്തുകൊണ്ടുവരുമെന്നായിരുന്നു സിപിഎം കേന്ദ്രനേതൃത്വം പറഞ്ഞത്. ഈ കമ്മീഷനെ കുറിച്ചോ അന്വേഷണ റിപോര്‍ട്ടിനെ കുറിച്ചോ ഒരക്ഷരം പറയാന്‍ സിപിഎം നേതൃത്വം തയ്യാറാവുന്നില്ല.
ഇതുസംബന്ധിച്ച് തന്റെ പിതാവ് സിപിഎം നേതൃത്വത്തിന് സമര്‍പ്പിച്ച കത്തിന് മറുപടിപോലും നല്‍കാന്‍ നേതൃത്വം തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് 21നു ഡല്‍ഹി എകെജി ഭവനിലേക്ക് പ്രതിഷേധവുമായി എത്തുന്നത്. കൊലപാതകം സിപിഎമ്മിന്റെ ദൈനംദിന പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാറി എന്നുവേണം കരുതാന്‍. താന്‍ അടക്കമുള്ള സ്ത്രീകളെ അപമാനിക്കുന്ന സിപിഎം നിലപാടില്‍, വൃന്ദാ കാരാട്ടിനെ പോലുള്ള ദേശീയ നേതാക്കളുടെ നിലപാട് അറിയാന്‍ ആഗ്രഹമുണ്ട്. ഭരണത്തിന്റെ പിന്‍ബലത്തില്‍ ഗുണ്ടാസംഘങ്ങളെ കയറൂരിവിട്ട് ഒഞ്ചിയത്ത് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് സിപിഎം.
പോലിസ് ഒത്താശയോടെയാണ് മിക്ക അക്രമങ്ങളും നടക്കുന്നത്. ശുഹൈബ് വധക്കേസില്‍ ടി പി കേസിലെ പ്രതികളായ കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ് തുടങ്ങിയവരുടെ പങ്ക് അന്വേഷിക്കണം. ഇവര്‍ക്ക് അനുവദിച്ച പരോളിനെ കുറിച്ചും അന്വേഷണം ഉണ്ടാവണം. കോടിയേരിയുടെ മക്കള്‍ക്കെതിരേ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ നിന്ന് മാധ്യമ-ജനശ്രദ്ധ തിരിച്ചുവിടുന്നതിനാണ് ശുഹൈബിനെ കൊലപ്പെടുത്തിയതെന്നും രമ ആരോപിച്ചു.

RELATED STORIES

Share it
Top