പ്രതിഷേധത്തെ തുടര്‍ന്ന് എഎസ്‌ഐയെ സ്ഥലംമാറ്റി

കായംകുളം:സ്‌കൂള്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് എഎസ്‌ഐക്കു സ്ഥലം മാറ്റം. എംഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ അമീന്‍, നൗഫല്‍, അനസ് എന്നിവരെ കായംകുളം പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐ സിയാദ് മര്‍ദ്ദിച്ചതായാണ് പരാതി.
ഇതേ തുടര്‍ന്ന് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി. വിദ്യാര്‍ഥി മാര്‍ച്ച് പാര്‍ക്കു ജങ്ഷനില്‍ പോലിസ് തടഞ്ഞു.
എഎസ്‌ഐക്കെതിരേ നടപടിയുണ്ടാകുമെന്ന ഉറപ്പു ലഭിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പിരിഞ്ഞു പോയി. പിന്നിട് ജില്ലാ പോലിസ് മേധാവി ഇടപ്പെട്ട് എഎസ്‌ഐ സിയാദിനെ ആലപ്പുഴ പോലിസ് ക്യാംപിലേക്കു സ്ഥലം മാറ്റി.
എഎസ്‌ഐയുടെ മകനും ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ അര്‍ഷദിനെ കഴിഞ്ഞ ദിവസം പ്ലസ് ടു വിദ്യാര്‍ഥികളില്‍ ചിലര്‍ മര്‍ദ്ദിച്ചിരുന്നു. പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്ലസ് ടൂ വിദ്യാര്‍ഥികളായ അമീന്‍, നൗഫല്‍, അനസ് എന്നിവരെ വ്യാഴാഴ്ച പോലിസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തതായി പോലിസ് പറഞ്ഞു.
തങ്ങളെ പോലിസ് മര്‍ദ്ദിച്ചെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി. മര്‍ദ്ദനത്തില്‍ സിയാദിന് പങ്കുണ്ടെന്നാരോപിച്ചായിരുന്നു വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.

RELATED STORIES

Share it
Top