പ്രതിഷേധത്തില്‍ സംഘര്‍ഷഭൂമിയായി ദേശീയപാത; അടിച്ചൊതുക്കി സര്‍വേ

സ്വന്തം പ്രതിനിധി

തിരൂരങ്ങാടി: പിഞ്ചുകുട്ടികളെയും സ്ത്രീകളെയുമടക്കം മര്‍ദിച്ച് തലപ്പാറ, വലിയപറമ്പ് ഭാഗങ്ങളില്‍ ദേശീയപാത സര്‍വേ. തലപ്പാറ മുതല്‍ കൊളപ്പുറം വരെ മൂന്നേകാല്‍ കിലോമീറ്ററിലാണ് സര്‍വേ നടത്തിയത്. സര്‍വേക്കിടെ പ്രതിഷേധക്കാരെ ഒതുക്കാന്‍ ലാത്തിച്ചാര്‍ജും കല്ലേറും നടന്നു. ഇതോടെ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. പോലിസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം നടക്കുന്നതിനിടെയാണ് മറുഭാഗത്ത് ഉദ്യോഗസ്ഥര്‍ അളവ് പൂര്‍ത്തിയാക്കിയത്.
അരീത്തോട് ഭാഗങ്ങളില്‍ രാവിലെ മുതല്‍ തന്നെ സ്ത്രീകളും കുട്ടികളുമടക്കം സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി സംഘടിച്ചിരുന്നു. രാവിലെ അരീത്തോട് ദേശീയപാത ഉപരോധിക്കാന്‍ ശ്രമിച്ചെങ്കിലും പോലിസ് തടഞ്ഞു. തുടര്‍ന്ന് ഒരുവിഭാഗം ആളുകള്‍ വലിയപറമ്പ് ഭാഗത്തേക്ക് പ്രകടനമായെത്തി. ഇതിനിടെ തലപ്പാറ വയല്‍ ഭാഗത്തെ അളവ് പൂര്‍ത്തിയാക്കി 10.45ഓടെ ഉദ്യോഗസ്ഥര്‍ വലിയപറമ്പിലെ ജനവാസകേന്ദ്രത്തില്‍ കടന്നതോടെ ജനങ്ങള്‍ തടയുകയായിരുന്നു. പോലിസ് ജനക്കൂട്ടത്തെ ലാത്തി വീശി വിരട്ടിയോടിച്ചു.
സംഘര്‍ഷത്തിനിടെ പോലിസിന് നേരെ കല്ലേറുണ്ടായി. ഇതോടെ പോലിസ് പരിസരത്തെ വീടുകള്‍ക്ക് നേരെ തിരിയുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ഒമ്പതു പേര്‍ക്ക് പോലിസിന്റെ അക്രമത്തില്‍ പരിക്കേറ്റു. സംഘര്‍ഷം ഭയന്ന് വീടിനകത്തു കയറിയവരെ വാതില്‍ ചവിട്ടിത്തുറന്ന് ആക്രമിക്കുകയും ജനല്‍ച്ചില്ല് എറിഞ്ഞുടയ്ക്കുകയും ചെയ്തു. അരീത്തോട് ഭാഗങ്ങളിലേക്കും സംഘര്‍ഷം വ്യാപിച്ചു. തുടര്‍ന്ന് ടയറുകള്‍ കത്തിച്ചും കല്ല്, പോസ്റ്റ് എന്നിവ നിരത്തിയും ദേശീയപാതയില്‍ ഗതാഗതം സ്തംഭിപ്പിച്ചു. ഇവിടെയും കല്ലേറ് തുടര്‍ന്നു. എന്നാല്‍, പോലിസ് കല്ലും ലാത്തിയും ഉപയോഗിച്ചാണ് ജനക്കൂട്ടത്തെ നേരിട്ടത്. അഞ്ചുതവണ കണ്ണീര്‍വാതകം പ്രയോഗിച്ച പോലിസ്, വഴിയാത്രക്കാരെയും വെറുതെ വിട്ടില്ല.
മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിനുശേഷമാണ് അരീത്തോട് ദേശീയപാതയിലെ ഒന്നര കിലോമീറ്റര്‍ ദൂരത്തെ സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 11ന് മന്ത്രിയുടെ അധ്യക്ഷതയില്‍ മലപ്പുറം കലക്ടറടക്കം പങ്കെടുക്കുന്ന സര്‍വകക്ഷി യോഗത്തിലെ തീരുമാനത്തിനുശേഷമായിരിക്കും സര്‍വേ ആരംഭിക്കുകയെന്ന് ഡെപ്യൂട്ടി കലക്ടര്‍ ജെ ഒ അരുണ്‍കുമാര്‍ പറഞ്ഞു. പോലിസും റാപിഡ് ആക്ഷന്‍ ഫോഴ്‌സും മൂന്നുമണിയോടെയാണ് ദേശീയപാതയില്‍ ഗതാഗതം പുനസ്ഥാപിച്ചത്. സര്‍ക്കാര്‍ഭൂമി നിലനില്‍ക്കുന്ന നിലവിലെ റോഡരികില്‍ നിന്ന് മാറി ജനവാസകേന്ദ്രങ്ങളിലൂടെയുള്ള വികസനത്തെ തടയാനുള്ള ഉറച്ച തീരുമാനത്തില്‍ തന്നെയാണ് സമരക്കാര്‍.
തലയ്ക്ക് അടിയേറ്റു പരിക്കേറ്റ വെളിമുക്ക് സ്വദേശി പാറായി കോഴിപ്പറമ്പത്ത് അഷ്‌റഫ് (38), വീട്ടില്‍ കയറി പോലിസ് നടത്തിയ അതിക്രമത്തില്‍ പരിക്കേറ്റ ചോലക്കാപ്പറമ്പില്‍ യാസര്‍ അറഫാത്തിന്റെ മകള്‍ റിഫ്‌ന റസ്മിയ (10), അസ്മിന്‍ രിഫാന്‍ (രണ്ടര), ഫാത്തിമ നസ്‌റിയ (4), നിന്‍സ മിസ്‌രിയ (4), ബദരിയ്യ (25), സഫീറ (22), സമീറ (33), ഫാത്തിമ മെഹദിയ്യ (2) എന്നിവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കല്ലേറില്‍ തിരൂരങ്ങാടി സിഐ സുനില്‍ കുമാര്‍, കെ പി ശൈലേഷ്, എം ഹരിലക്ഷ്മണന്‍, കെ വി മുനീര്‍, കെ പി അഭിലാഷ്, കെ ആര്‍ അരുണ്‍, സി പി മുഹമ്മദ് കബീര്‍, ടി സിദ്ദീഖ്, എം പി ശ്രീനാഥ്, എം പി അബ്ദുസ്സലാം തുടങ്ങി 13 പോലിസുകാര്‍ക്കും പരിക്കേറ്റു.

RELATED STORIES

Share it
Top