പ്രതിഷേധത്തിനിടെ ദേശീയപാത സര്‍വേക്ക് തുടക്കം

കുറ്റിപ്പുറം:  ദേശീയപാത സ്ഥലമെടുപ്പിന് മുന്നോടിയായുള്ള സര്‍വേ പ്രവര്‍ത്തനങ്ങള്‍ വന്‍ പോലിസ് സന്നാഹത്തോടെ ആരംഭിച്ചു. അഞ്ഞൂറോളം വരുന്ന പോലിസുദ്യോഗസ്ഥരാണ് പ്രതിഷേധവുമായെത്തിയ നൂറുകണക്കിന് ആളുകളെ തടഞ്ഞ് സര്‍വേ ജോലികള്‍ക്ക് സൗകര്യമൊരുക്കിയത്. നാലു ദിവസങ്ങള്‍ക്കു മുമ്പ്, ഏറ്റെടുക്കേണ്ട സ്ഥലത്തെക്കുറിച്ചുള്ള സര്‍വേ നമ്പറുകള്‍ ഉള്‍പ്പെടുത്തി മാധ്യമങ്ങളില്‍ ദേശീയപാത അധികൃതര്‍ വിജ്ഞാപനമിറക്കിയിരുന്നു.
വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ സ്ഥലം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്കു ഇതുസംബന്ധിച്ച പരാതി ബന്ധപ്പെട്ട അധികൃതര്‍ക്കു നല്‍കാനും അതില്‍ തീരുമാനമെടുക്കുന്നതിന് 22 ദിവസത്തെ സാവകാശമുണ്ടെന്നുമാണ് നിയമം. എന്നാല്‍ അതിനൊന്നും കാത്തുനില്‍ക്കാതെയായിരുന്നു ധൃതിപിടിച്ചുള്ള സര്‍വേ ജോലികള്‍ ആരംഭിച്ചത്. ഇന്നലെ പുലര്‍ച്ചെ ആറിനു തന്നെ നൂറുകണക്കിനു പോലിസുകാരെയാണു സര്‍വേ ആരംഭിക്കുന്ന കുറ്റിപ്പുറം ബൈപാസിനു സമീപം ദേശീയപാതയില്‍ സമരക്കാരെ നേരിടാന്‍ നിയോഗിച്ചിരുന്നത്. വിവിധ പ്രദേശങ്ങളില്‍നിന്നു സമരത്തില്‍ പങ്കെടുക്കാനായി കുറ്റിപ്പുറത്തേക്ക് പുറപ്പെട്ട നൂറുകണക്കിനാളുകളെ വളാഞ്ചേരിയിലും തിരുനാവായയിലും കുറ്റിപ്പുറം പാലത്തിനടുത്ത മല്ലൂര്‍ കടവിലും വാഹനങ്ങള്‍ തടഞ്ഞ് പോലിസ് ഇറക്കിവിട്ടു. ഇതുമൂലം വലിയൊരു വിഭാഗമാളുകള്‍ക്ക് സമരസ്ഥലത്ത് എത്താനായില്ല. രാവിലെ ഒമ്പതിന് തന്നെ പ്രതിഷേധക്കാരെ ബൈപാസ് റോഡിനു സമീപം തടഞ്ഞുവച്ച് റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപത്ത് സര്‍വേ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു. അതിനിടെ പത്തോടെ സമരത്തില്‍ പങ്കെടുക്കാനായി പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍, ഡോ. ആസാദ് എന്നിവര്‍ സ്ഥലത്തെത്തി.
ഇവരുടെ നേതൃത്വത്തില്‍ ഏതാനും പ്രവര്‍ത്തകര്‍ റോഡില്‍ കിടന്നു ഉപരോധം സൃഷ്ടിച്ചതോടെ പോലിസ് ഇവരെ ബലമായി നീക്കം ചെയ്യുകയായിരുന്നു. തുടര്‍ന്ന് സര്‍വേ നടക്കുന്നിടത്തേക്ക് പ്രകടനമായി നീങ്ങാന്‍ തീരുമാനിച്ചെങ്കിലും പോലിസ് പ്രകടനം തടഞ്ഞു. സി ആര്‍ നീലകണ്ഠന്‍ ഉള്‍പ്പെടെയുള്ളവര്‍ പോലിസുമായി ഇതേച്ചൊല്ലി ഏറെ നേരം വാഗ്വാദം നടത്തിയ ശേഷമായിരുന്നു കര്‍ശന ഉപാധികളോടെ പോലിസ് പ്രതിഷേധപ്രകടനത്തിന് അനുമതി നല്‍കിയത്. പ്രകടനം സര്‍വേ നടക്കുന്ന സ്ഥലത്തെത്തുന്നതിനു മുമ്പു തന്നെ പോലിസ് തടയുകയും ചെയ്തു.

RELATED STORIES

Share it
Top