പ്രതിഷേധങ്ങള്‍ക്കൊടുവില്‍ റോഡ് പ്രവൃത്തി തുടങ്ങി

തലശ്ശേരി: രാഷ്ട്രീയപ്പാര്‍ട്ടികളുടെയും വ്യാപാരികളുടെയും പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തലശ്ശേരി നഗരത്തിലെ റോഡുകള്‍ക്ക് ശാപമോക്ഷം ലഭിക്കുന്നു. പൊട്ടിപ്പൊളിഞ്ഞ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായിരുന്ന പുതിയ ബസ് സ്റ്റാന്റ് ബൈപാസ് റോഡിന്റെ ഇന്റര്‍ലോക്ക് പതിക്കല്‍ പ്രവൃത്തിയാണ് ഇന്നലെ ആരംഭിച്ചത്. കാലവര്‍ഷത്തില്‍ നഗരത്തിലെ പ്രധാന റോഡുകളായ ഒവി റോഡ്, മുകുന്ദ് ജങ്ഷന്‍, എന്‍സിസി റോഡ്, പുതിയ ബസ് സ്റ്റാന്റ് മേല്‍പാലം റോഡ് എന്നിവ പൂര്‍ണമായും തകര്‍ന്ന് ഗതാഗതം താറുമാറായിരുന്നു. ഇതിനെത്തുടര്‍ന്ന് ഗതാഗതക്കുരുക്ക് വര്‍ധിച്ചിട്ടും നഗരസഭാധികൃതര്‍ തിരിഞ്ഞുനോക്കാത്തതില്‍ പ്രതിഷേധിച്ച് നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാരും യുഡിഎഫും നിരവധി സംഘടനകളും തൊഴിലാളികളും ബസ്സുടമകളും പ്രക്ഷോഭം നടത്തിയിരുന്നു. വ്യാപാരികള്‍ കടയടപ്പ് സമരം കൂടി പ്രഖ്യാപിച്ചപ്പോഴാണ് നഗരത്തിലെ റോഡ് ശോച്യാവസ്ഥയ്ക്ക് ശാപമോക്ഷം ഉണ്ടാവുന്നത്. വാടിക്കല്‍ ജങ്ഷന്‍ മുതല്‍ പുതിയ ബസ് സ്റ്റാന്റ് വരെയാണ് ഇന്റര്‍ലോക്ക് പ്രവൃത്തി തുടങ്ങിയത്. രണ്ടാംഘട്ടമായി ഒവി റോഡില്‍ പുതിയ ബസ് സ്റ്റാന്റ് മേല്‍പാലം വരെയും തുടര്‍ന്ന് പഴയ ബസ് സ്റ്റാന്റ് വരെയും പ്രവൃത്തി നടത്തും. കാലാവസ്ഥ അനുകൂലമായാല്‍ മറ്റു റോഡുകളുടെ പ്രവൃത്തിയും ഉടന്‍ പൂര്‍ത്തിയാക്കുമെന്നാണ് നഗരസഭാധികൃതര്‍ പറയുന്നത്. ഒവി റോഡ് കെഎസ്ടിപി പ്രവൃത്തി ഏറ്റെടുത്തതായി നഗരസഭാ ചെയര്‍മാന്‍ മുമ്പ് കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞിരുന്നു.

.

RELATED STORIES

Share it
Top