പ്രതിഷേധങ്ങള്‍ക്കിടെ ചേലേമ്പ്രയില്‍ സര്‍വേ പൂര്‍ത്തിയാക്കി

തേഞ്ഞിപ്പലം: ദേശീയപാത അലൈന്‍മെന്റിലെ തിരിമറിക്കെതിരെ ഇരകള്‍ കുടില്‍ കെട്ടി സമരം നടത്തുന്ന ചേലേമ്പ്രയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ വന്‍ പോലിസ് സുരക്ഷയില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി.
റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പ്രതിഷേധ സമരങ്ങള്‍ നടത്തുന്നതിനിടെയാണ്    ഇന്നലെ സര്‍വേ നടപടികള്‍ പൂര്‍ത്തികരിച്ചത്. രണ്ട് അലൈന്‍മെന്റിലും സര്‍വേ നടത്തുമെന്ന് സര്‍വകക്ഷി യോഗത്തില്‍ കലക്ടര്‍ അറിയിച്ചിരുന്നെങ്കിലും ചര്‍ച്ചയില്‍ പങ്കെടുത്തവരെ പോലും അറിയിക്കാതെ സ്വകാര്യമായി സര്‍വേ നടത്താന്‍ എത്തിയതാണ് സമരക്കാരെ പ്രകോപിതരാക്കിയത്. സര്‍വേ നടത്തുന്നിടത്തേക്ക് പ്രകടനമായെത്തിയവരെ പോലിസ് റോഡില്‍ തടഞ്ഞതോടെ സ്ത്രീകള്‍ റോഡ് ഉപരോധിക്കുകയായിരുന്നു. ഡെപ്യൂട്ടി കലക്ടര്‍ ജെ ഒ അരുണ്‍ കുമാര്‍, ഡിവൈഎസ്പി ജലീ ല്‍ തോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ സായുധ സേന ബെറ്റാലിയനുള്‍പ്പെടെ 300 ലധികം പൊലിസ് സേനാംഗങ്ങളാണ് സുരക്ഷക്കായെത്തിയത്.
നേരത്തെ സര്‍വേ നടക്കുന്നതിനിടെ പ്രതിഷേധം മൂലം നിര്‍ത്തിവച്ച ചേലേമ്പ്ര പഞ്ചായത്തിലെ തിരുവങ്ങാട് ക്ഷേത്ര ഗെയിറ്റ് മുതല്‍ ജില്ലാ അതിര്‍ത്തി കഴിഞ്ഞ് കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെട്ട നിസരി ജങ്ഷന്‍ വരെ 1.2 കിലോമീറ്റര്‍ ദൂരത്തിലാണ് ഇന്നലെ സര്‍വേ നടത്തിയത്. ഉച്ചക്ക് 12 മണിയോടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായി.

RELATED STORIES

Share it
Top