പ്രതിഷേധക്കടലായി ലത്തീന്‍ സഭ രാജ്ഭവന്‍ മാര്‍ച്ച്

തിരുവനന്തപുരം: ഓഖി ദുരന്തം നേരിടുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ കത്തോലിക്കാ അതിരൂപതയുടെ നേതൃത്വത്തില്‍ നടന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനു പേര്‍ പങ്കെടുത്ത മാര്‍ച്ച് ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് സൂസെപാക്യം ഉദ്ഘാടനം ചെയ്തു. ഓഖി മുന്നറിയിപ്പ് നല്‍കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടായതായി അദ്ദേഹം കുറ്റപ്പെടുത്തി. ഓഖി ദേശീയദുരന്തമായി പ്രഖ്യാപിക്കണം. ഇരകള്‍ക്കായി പ്രഖ്യാപിച്ച പാക്കേജ് സഭാ പ്രതിനിധികളുമായി ചര്‍ച്ചയ്ക്കു വിധേയമാക്കി പരിഷ്‌കരിക്കണമെന്നും തീരദേശ സംരക്ഷണത്തിന് സ്വതന്ത്ര ചുമതലയുള്ള മന്ത്രാലയം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീരദേശവാസികള്‍ക്കിടയില്‍ ഛിദ്രതയുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ ദേവാലയാങ്കണത്തില്‍നിന്നാണ് പ്രകടനം ആരംഭിച്ചത്. ദുരന്തത്തില്‍ മരിച്ചവരുടെ ചിത്രമടങ്ങിയ ഫഌക്‌സുകളുമായാണ് സമരക്കാര്‍ എത്തിയത്. ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടു കാണാതായ മല്‍സ്യത്തൊഴിലാളികളെ എത്രയും വേഗം കണ്ടെത്താന്‍ സംവിധാനം ഏര്‍പ്പെടുത്തുക, ഓഖി ദേശീയദുരന്തമായി പ്രഖ്യാപിക്കുക, നഷ്ടം സംഭവിച്ചവര്‍ക്കുള്ള പുനരധിവാസ പാക്കേജ് സമയബന്ധിതമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും മാര്‍ച്ചിലുയര്‍ന്നു. കടലില്‍ അകപ്പെട്ട മല്‍സ്യത്തൊഴിലാളികളെ ഇനിയും രക്ഷിക്കാന്‍ കഴിയാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയാണ് മാര്‍ച്ചില്‍ പ്രതിഷേധമുയര്‍ന്നത്. സഹായ മെത്രാന്‍ ഡോ. ആര്‍ ക്രിസ്തുദാസ്, വികാരി ജനറല്‍ യൂജിന്‍ എച്ച് പെരേര സംസാരിച്ചു.

RELATED STORIES

Share it
Top