പ്രതിഷേധം ശക്തമായി: ദേശീയപാതയിലെ കുഴികളടയ്ക്കല്‍ തുടങ്ങി

ചാവക്കാട്: ദേശീയപാത 17ല്‍ കുഴികളടയ്ക്കല്‍ തുടങ്ങി. എസ്‌കവേറ്റര്‍ ഉപയോഗിച്ചു ഗര്‍ത്തങ്ങള്‍ മൂടുകയാണ്. കെട്ടിനില്‍ക്കുന്ന വെള്ളം കാനകളിലേക്ക് ഒഴുക്കിവിടാനുള്ള നടപടിയും തുടങ്ങി. ദേശീയപാത 17 റോഡുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് കേണ്‍ഗ്രസ്, എസ്ഡിപിഐ, മുസ്്‌ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സമര പരിപാടികളുമായി രംഗത്തെത്തിയിരുന്നു. ഇതോടേയാണ് ദേശീയപാതയിലെ കുഴികളടയ്ക്കല്‍ തുടങ്ങിയത്.  ദേശീയപാതയുടെയും സംസ്ഥാന പാതകളുടെയും ശോച്യാവസ്ഥ കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ ഇടപെട്ടു പരിഹാരിക്കുന്നില്ലെന്ന് ആരോപിച്ച് മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ഒരുമനയൂര്‍ ഒറ്റത്തെങ്ങില്‍ ദേശീയപാത ഉപരോധിച്ചു.
യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് വി എം മനാഫ് ഉദ്ഘാടനം ചെയ്തു. ഷജീര്‍ പുന്ന അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് ജലീല്‍ വലിയകത്ത് പ്രഭാഷണം നടത്തി. വി പി മന്‍സൂര്‍ അലി, ഫൈസല്‍ കാനാംപുള്ളി, പി എച്ച് തൗഫീഖ്, എം സി ഗഫൂര്‍, സുഹൈല്‍ തങ്ങള്‍, കെ ബി റിയാസ് സംസാരിച്ചു. ചാവക്കാട് പഴയ ദര്‍ശന തിയറ്ററിനടുത്തു നടുറോഡില്‍ വലിയ ഗര്‍ത്തവും അതില്‍ വെള്ളവും നിറഞ്ഞതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ വലയെറിഞ്ഞും ചൂണ്ടയിട്ടും പ്രതിഷേധിച്ചു. കോണ്‍ഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ വി ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഒരുമനയൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ ജെ ചാക്കോ അധ്യക്ഷത വഹിച്ചു. കെ വി സത്താര്‍, കെ എം ഷിഹാബ്, ഇ പി കുരിയാക്കോസ് സംസാരിച്ചു. തിരുവത്ര ദേശീയപാത 17ലെ കുഴികളില്‍ അപകടം പതിവായതിനെ തുടര്‍ന്നു പ്രതിഷേധവുമായി നവയുഗ തിരുവത്ര ഗാന്ധിനഗര്‍ കൂട്ടായ്മ. റോഡിലെ വലിയ കുഴിയില്‍ ഫലവൃക്ഷങ്ങള്‍ നട്ടു പ്രതിഷേധിച്ചു. എ എസ് ശിവജി, കെ കെ ശ്രീകുമാര്‍, എം എന്‍ സുബീഷ്, കെ ബി ജിബിന്‍, ജിത്തുമോഹന്‍, എം പി പ്രജീഷ്, എം ഡി ശ്രീരാഗ്, എ ഡി ദീപക്, സി കെ മജീഷ് ദാസ് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top