പ്രതിഷേധം ശക്തം: ചൈല്‍ഡ് ലൈന്‍ തെളിവെടുപ്പ് നടത്തി

താമരശ്ശേരി: കോടഞ്ചേരി ചെമ്പ്കടവ് യു പി സ്‌കൂളിലെ അധ്യാപകര്‍ വിനോദ യാത്രക്കിടെ മദ്യ കടത്തിയെന്നരോപണത്തില്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സ്‌കൂളിലെത്തി വിദ്യാര്‍ഥികളില്‍ നിന്നും തെൡവെടുപ്പ് നടത്തി. സംഭവത്തില്‍ പ്രതിഷേധിച്ചു യുഡിഎഫ് കോടഞ്ചേരിയില്‍ ധര്‍ണ നടത്തി. ഡിസിസി പ്രസിഡണ്ട് ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.
സ്‌കൂളില്‍ നിന്നും വിനോദ യാത്ര പോയ വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തി മദ്യം വാങ്ങി കുട്ടികളുടെ ബാഗില്‍ സൂക്ഷിക്കുകയും അധ്യാപികമാരെ വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്ത അധ്യാപകരെ മാതൃകപരമായി ശിക്ഷിച്ചിട്ടില്ലെങ്കില്‍ അവര്‍ക്കെതിരെ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ യുഡിഎഫ് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ചെയര്‍മാന്‍ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു. സികെ കാസിം, ബാബു പൈക്കാട്ട്, അന്നമ്മ മാത്യു, പിസി തമ്പി, സണ്ണി കാപ്പാട്ടുമല, ഇബ്രാഹിം തട്ടൂര്‍, അബൂബക്കര്‍ മൗലവി, വിന്‍സെന്റ് സംസാരിച്ചു. സ്‌കൂള്‍ അധ്യാപകരെ പുറത്താക്കുക എന്നാവശ്യപ്പെട്ട് എംഎസ്എഫിന്റെ ആഭിമുഖ്യത്തില്‍ രാവിലെ സ്‌കൂളിലേക്ക് മാര്‍ച്ചും നടന്നു.
തിങ്കളാഴ്ച രാവിലെ സ്‌കൂളിലെത്തിയ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം ആരോപണ വിധേയരായ അധ്യാപകരെ മാറ്റി നിര്‍ത്തണെന്നാവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് താമരശ്ശേരി എഇഒ മുൂഹമ്മദ് അബ്ബാസ് സ്ഥലത്തെത്തി ചര്‍ച്ച നടത്തി. അധ്യാപകരെ സസ്‌പെന്റ് ചെയ്യാനാവില്ലന്നറിയിച്ചതോടെ അദ്ദേഹത്തെ ജന പ്രതിനിധികള്‍ ഉപരോധിച്ചു. പോലീസ് ഇടപെട്ടാണ് എഇഒ രക്ഷപ്പെടുത്തിയത്.
വിനോദയാത്രക്കിടയില്‍ അധ്യാപകരും പിടിഎ പ്രസിഡന്റും മാഹിയില്‍ നിന്നും മദ്യം വാങ്ങി കുട്ടികളുടെ ബാഗില്‍ ഉള്‍പ്പെടെ ഒളിപ്പിച്ചു കടത്തിയെന്നാരോപിച്ചാണ് യുഡിഎഫ് രംഗത്ത് വന്നത്. ഇതിനു മുമ്പ് പിടിഎയുടെ ആരോപണത്തെ തുടര്‍ന്ന് ഈ സ്‌കൂളിലെ യുഡിഎഫ് അനുഭാവികളായ മൂന്ന് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഇതും ഏറെ ഒച്ചപ്പാടിനു കാരണമായിരുന്നു. ഇതിന്റെ അലയൊലി മാറുന്നതിനിടയിലാണ് മദ്യക്കടത്ത് വിവാദം. കോടഞ്ചേരിയിലെ പാവപ്പെട്ടവരുടേയും ദലിത് ആദിവാസി കുടുംബങ്ങളിലേയും കുട്ടികളാണ് ഏറെയും ഇവിടെ പഠിക്കുന്നത്. സ്‌കൂളില്‍ നിരന്തരം രാഷ്ട്രീയ പകവീട്ടില്‍ കാരണം വിദ്യാര്‍ഥികളുടെ ഭാവി നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.

RELATED STORIES

Share it
Top