പ്രതിഷേധം ഫലിച്ചു; ആളിയാറില്‍ നിന്നു വെള്ളംനല്‍കിത്തുടങ്ങി

ചിറ്റൂര്‍: പറമ്പിക്കുളം-ആളിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ പ്രതിഷേധം ഫലം കണ്ടു. ഇന്നലെ മുതല്‍ ആളിയാറില്‍ നിന്ന് കേരളത്തിലേക്ക് തമിഴ്‌നാട്ട് വെള്ളം വിട്ടുനല്‍കാന്‍ തുടങ്ങി. ആളിയാറില്‍ നിന്ന് അര്‍ഹതപ്പെട്ട വെള്ളം നല്‍കാത്ത തമിഴ്‌നാടിന്റെ നിലപാടിനെതിരേ വ്യാഴാഴ്്ച്ച അര്‍ധരാത്രി മുതല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്ക് വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധം ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ചരക്ക് ലോറി കടത്തിവിടാന്‍ തുടങ്ങിയിരുന്നു. ഇതിനു പിന്നാലെ ഇന്നലെ മുതല്‍ ആളിയാറില്‍ തമിഴ്‌നാട് വെള്ളം തുറന്നു വിടുകയും ചെയ്തു.
പറമ്പികുളത്തു നിന്നും കോണ്ടൂര്‍ കനാല്‍ വഴി ആളിയാറിലേക്ക് 450 ഘനയടിയെന്ന തോതിലാണ് വെള്ളമൊഴുക്കുന്നത്. ഇതേ അളവില്‍ തന്നെ ആളിയാറില്‍ നിന്നും കേരളത്തിലേക്കും ജലം വിടുന്നുണ്ട്. വെള്ളം ഇന്നു രാവിലെ മണക്കടവില്‍ വിയറിലെത്തും. കേരളത്തിന്റെ പ്രതിഷേധ ശക്തമായതോടെ തമിഴ്‌നാട് ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരുന്നു.
എന്നാല്‍ വെള്ളം തുറന്നു വിട്ടതിനു ശേഷം മാത്രമേ ചര്‍ച്ചയ്ക്കുള്ളുവെന്ന് നിലപാടില്‍ ഉറച്ചു നിന്നതോടെയാണ് തമിഴ്‌നാട് വഴങ്ങിയത്. പറമ്പിക്കുളം ആളിയാര്‍ പദ്ധതിയില്‍ നിന്നും കരാര്‍ പ്രകാരം ലഭിക്കേണ്ട വെള്ളം പൂര്‍ണമായി നല്‍കാതെ പറമ്പിക്കുളത്ത് നിന്നും നിരന്തരമായി കോണ്ടൂര്‍ കനാല്‍ വഴി തിരുമൂര്‍ത്തി ഡാമിലേക്കു ജലം കൊണ്ടു പോകുകയായിരുന്നു.
കോണ്ടൂര്‍ കനാലില്‍ നിന്നും ആളിയാറിലേക്ക് ഇറക്കിയിരുന്ന വെള്ളം നിര്‍ത്തലാക്കിയാണ് തിരുമൂര്‍ത്തിയിലേക്ക് വെള്ളം കടത്തിയിരുന്നത്. കഴിഞ്ഞ ജനുവരി 19ന് തിരുവനന്തപുരത്തു നടന്ന ഇരു സംസ്ഥാനങ്ങളിലേയും സെക്രട്ടറി തല ചര്‍ച്ചയിലുണ്ടാക്കിയ ഉഭയകക്ഷി ധാരണ പ്രകാരം 400  ഘനയടി വെള്ളമാണ് ഇപ്പോള്‍ വിട്ടു നല്‍കിയിട്ടുള്ളത്.
കൂടുതല്‍ ചര്‍ച്ച ഉടന്‍ നടക്കും. തമിഴ്‌നാടിന്റെ നിരന്തരമായ കരാര്‍ ലംഘനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ സര്‍വകക്ഷികളുടെ നേതൃത്വത്തില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ചരക്കു വാഹനങ്ങള്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് വാളയാര്‍ ചെക്ക് പോസ്റ്റുവഴിയാണ് ചരക്കുവാഹനങ്ങള്‍ കടന്നു പോയത്. ഇത് വാളയാറില്‍ ഗതാഗത സ്തംഭനത്തിനിടയാക്കി. സമരം വാളയാറിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരിക്കെയാണ് തമിഴ്‌നാട് വെള്ളം വിട്ടു നല്‍കാന്‍ തയ്യാറായത്. വെള്ളം വിട്ടു നല്‍കാന്‍ തമിഴ്‌നാട് തയാറായതിനെ തുടര്‍ന്ന് ചിറ്റൂരില്‍ സര്‍വകക്ഷി പ്രഖ്യാപിച്ച സമരം പിന്‍വലിച്ചതായി നേതാക്കളായ കെ ചെന്താമര, എസ് രാജന്‍, കെ ഹരി പ്രകാശ് അറിയിച്ചു.

RELATED STORIES

Share it
Top