പ്രതിഷേധം ഫലം കണ്ടു; തീരുമാനം പുനപരിശോധിക്കും

മാന്നാര്‍: പരുമല ദേവസ്വം ബോര്‍ഡ് പമ്പാകോളജ് അന്തരിച്ച സിപിഎം നേതാവ് പികെ ചന്ദ്രാനന്ദന്റെ സ്മാരകമാക്കാനുള്ള തീരുമാനം പുനപരിശോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. കഴിഞ്ഞദിവസം പമ്പാകോളേജില്‍ ഈസ്റ്റ് ബ്ലോക്കിന്റെയും മറ്റ് നവീകരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനസമ്മേളനത്തില്‍ കോജേജ് പി കെ ചന്ദ്രാനന്ദന്റെ സ്മരകമാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞത് വിവാദമായിരുന്നു. പ്രസിഡന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ നിരവധിപേര്‍ ഫെയ്‌സ്ബുക്കിലൂടെയും തേജസ് വാര്‍ത്തയും പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് തീരുമാനം പുനപരിശോധിക്കുമെന്ന് പ്രസിഡന്റ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.
ദേവസ്വം ബോര്‍ഡിന്റെ മറ്റ് പല കോളേജുകളും പല പ്രമുഖവ്യക്തിത്വങ്ങളുടെ സ്മരണനിലനിര്‍ത്തത്തക്ക വിധത്തില്‍ നാമകരണം ചെയ്തിട്ടുണ്ടെന്നും അതുകൊണ്ടാണ് പമ്പാകോളേജിനും ഇങ്ങനെ നാമകരണം ചെയ്യുന്നതിന് തീരുമാനിച്ചതെന്നും പ്രസിഡന്റ് പറയുന്നു.
ദേവസ്വം ബോര്‍ഡിന്റെ ഉദ്ദേശശുദ്ധിയെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നുവെന്നും ആരുടെയെങ്കിലും മനസ്സിനെ വേദനിപ്പിച്ചുകൊണ്ടുള്ള ഒരു നിലപാടും ബോര്‍ഡ് സ്വീകരിക്കില്ലെന്നും ആവശ്യമെങ്കില്‍ തീരുമാനം പുനപരിശോധിക്കുമെന്നും പത്മകുമാര്‍ ഫെയ്ബുക്കില്‍ കുറിച്ചു.ദേവസ്വം ബോര്‍ഡിന്റെ ഈ തീരുമാനത്തെ നാട്ടുകാരും, പൂര്‍വ്വ വിദ്യാര്‍ഥികളും, അധ്യാപകരും, ‘അനധ്യാപകരും സ്വാഗതം ചെയ്തു.

RELATED STORIES

Share it
Top