പ്രതിഷേധം ഒഴിയാതെ മഞ്ചാടി

തൃശൂര്‍: കലോല്‍സവത്തിന്റെ ആദ്യദിവസം തന്നെ പ്രതിഷേധവുമായി തുടങ്ങിയ സാഹിത്യ അക്കാദമി ഓപണ്‍ സ്‌റ്റേജിലെ 10ാം വേദി മഞ്ചാടിയില്‍ രണ്ടാദിനവും പ്രതിഷേധം. രാവിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടന്‍പാട്ടിന് ആവശ്യമായ സൗകര്യങ്ങളും സജ്ജീകരണങ്ങളുമില്ലാത്തതാണ് പ്രതിഷേധത്തിനു കാരണം. ഇന്നലെ സംഘാടകസമിതി ചെയര്‍മാനും മന്ത്രിയുമായ വി എസ് സുനില്‍കുമാറിനോടും സംഘാടകരോടും അധ്യാപകരും രക്ഷിതാക്കളും പരാതിപറഞ്ഞിട്ടും യാതൊരു പരിഹാരനടപടിയും എടുക്കാത്തതിനാലാണ് ഇന്നു രാവിലെ പ്രതിഷേധവുമായി സദസ്സിനു മുന്നിലെത്തിയത്. നല്ലരീതിയില്‍ നാടന്‍പാട്ട് മല്‍സരം നടത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഏഴുപേരടങ്ങുന്നതാണ് നാടന്‍പാട്ട് ടീം. ടീമംഗങ്ങള്‍ക്കെല്ലാവര്‍ക്കും മൈക്ക് ആവശ്യമാണ്. കൂടാതെ പ്രാദേശികമായ തനത് വാദ്യോപകരണങ്ങള്‍ കുട്ടികള്‍ തന്നെ ഉപയോഗിക്കണമെന്ന മാനദണ്ഡമുള്ളതിനാല്‍ 12ഓളം മൈക്ക് ആവശ്യമാണ്. സ്‌റ്റേജിലുള്ളതാവട്ടെ അഞ്ചും. സ്‌റ്റേജില്‍ ആവശ്യത്തിന് വെള്ളവും വെളിച്ചവുമില്ലാത്തതും മല്‍സരത്തിന്റെ ശോഭകെടുത്തി. ഭക്ഷണവും വെള്ളവും കഴിക്കാതെയാണ് കുട്ടികള്‍ക്ക് ഇരിക്കേണ്ടിവരുന്നത്. സംസ്ഥാന കലോല്‍സവത്തിന്റെ പ്രധാന വേദികളിലൊന്നിലാണ് നാടന്‍പാട്ട് അരങ്ങേറാറുള്ളത്. എന്നാല്‍, സാഹിത്യ അക്കാദമിയിലെ ഓപണ്‍ സ്‌റ്റേജില്‍ ആസ്വാദകര്‍ക്ക് കാണാനുള്ള സ്ഥലപരിമിതിയും മല്‍സരത്തിന് മങ്ങലേല്‍പ്പിച്ചു. വലിയ സ്‌റ്റേജുണ്ടായാല്‍ മാത്രമേ പാട്ടിന്റെയും വാദ്യോപകരണങ്ങളുടെയും ശബ്ദം ഉള്‍ക്കൊള്ളാന്‍ കഴിയൂവെന്നും നാടന്‍പാട്ട് കലാകാരന്മാര്‍ പറഞ്ഞു. ഒമ്പതിന് ആരംഭിക്കേണ്ട ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടന്‍പാട്ട് മല്‍സരം ആരംഭിച്ചത് 11.45ന്. വൈകിയാണെങ്കിലും സ്ഥലപരിമിതിയിലും വേദി ജനസാഗരമായി. അടിച്ചമര്‍ത്തപ്പെട്ടവന്റെ വേദനകളും യാതനകളും നാടന്‍പാട്ടില്‍ നിറഞ്ഞുനിന്നു. അനുഷ്ഠാന പാട്ടുകള്‍, കൃഷി പാട്ടുകള്‍, ഉല്‍സവ പാട്ടുകള്‍, കളി പാട്ടുകള്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട പാട്ടുകളാണ് അരങ്ങിലെത്തിയത്. മാന്വല്‍ പരിഷ്‌കാരത്തില്‍ വേഷവിധാനത്തിന് പ്രാധാന്യം നല്‍കില്ലെന്നുണ്ടെങ്കിലും ഭംഗി കുറയാതെയാണ് മല്‍സരം നടന്നത്.

RELATED STORIES

Share it
Top