പ്രതിരോധ സഹകരണം ശക്തമാക്കാന്‍ ഇന്ത്യ- ജോര്‍ദാന്‍ ധാരണ

ന്യൂഡല്‍ഹി: പ്രതിരോധരംഗത്തെ സഹകരണം ശക്തമാക്കാന്‍ ഇന്ത്യ- ജോര്‍ദാന്‍ ധാരണ. പ്രതിരോധം, സൈബര്‍ സുരക്ഷ അടക്കമുള്ള രംഗങ്ങളിലെ സഹകരണം സംബന്ധിച്ച് ഇന്ത്യയും ജോര്‍ദാനും 12 കരാറുകളില്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യ സന്ദര്‍ശിക്കുന്ന ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനും നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകളില്‍ ധാരണയിലെത്തിയത്. സാമ്പത്തികരംഗത്തും ഇരു രാജ്യങ്ങളും സഹകരിക്കും. ഫലസ്തീനിലെ പ്രശ്‌നങ്ങളും സിറിയന്‍ അഭയാര്‍ഥികളുടെ പലായനവുമടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
ഇസ്‌ലാമിക പാരമ്പര്യം: മിതവാദത്തെ മനസ്സിലാക്കലും പ്രോല്‍സാഹിപ്പിക്കലും എന്നവിഷയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തിലും ജോര്‍ദാന്‍ രാജാവ് പങ്കെടുത്തു. വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങള്‍ ദൈവത്തിന്റെ വചനങ്ങളെ വളച്ചൊടിക്കുകയാണെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍. മാനവികതയെ ഒരുമിച്ചു നിര്‍ത്താനാണ് വിശ്വാസങ്ങള്‍ ലക്ഷ്യമിടുന്നതെന്നും സേമ്മളനത്തെ അഭിസംബോധന ചെയ്ത അബ്ദുല്ല രണ്ടാമന്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന് രാഷ്ട്രപതി ഭവനില്‍ ഇന്നലെ ഔദ്യോഗിക സ്വീകരണം നല്‍കിയിരുന്നു. ഇന്ത്യയിലെത്തിയ ജോര്‍ദാന്‍ ഭരണാധികാരിയെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേര്‍ന്ന് സ്വീകരിച്ചു. മാഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലും അദ്ദേഹം സന്ദര്‍ശനം നടത്തി. വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി ജോര്‍ദാന്‍ രാജാവ് കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

RELATED STORIES

Share it
Top