പ്രതിരോധ മരുന്നില്ല; താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

ഹരിപ്പാട്: വാക്‌സിനേഷന്‍ മരുന്നില്ലാത്തതിനാല്‍ കുട്ടനാടന്‍ കര്‍ഷകരുടെ ഉപജീവനമാര്‍ഗമായ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു.  പ്രതിരോധ കുത്തിവയ്പ്പ് നല്‍കി താറാവുകളുടെ ജീവന്‍ രക്ഷിക്കാമെന്നിരിക്കെ  മൃഗസംരക്ഷണ വകുപ്പിന്റെ അനാസ്ഥയില്‍ ജില്ലയില്‍ ആയിരക്കണക്കിന് താറാവുകളാണ് ചത്തൊടുങ്ങിയത്.
ചെറുതന ആനാരി താനക്കണ്ടത്തില്‍ ദേവരാജന്റെ മൂവായിരത്തോളം താറാവുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചത്തത്. 15,000 താറാവുകളെ മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള നിരണം താറാവുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും രണ്ടുമാസം മുമ്പ് വിലയ്ക്കുവാങ്ങിയ താറാവുകളില്‍ മൂവയിരത്തോളം താറാവുകളാണ് ചത്തത്. ചത്തതാറാവിനെ തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ലാബില്‍ പരിശോധന നടത്തിയാണ് രോഗം ബാക്ടീരിയ പടര്‍ത്തുന്ന ഡക്ക്പാസ്റ്റര്‍ല എന്ന രോഗമാണെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം വീയപുരം,മേല്‍പാടം, കരിപ്പുഴ എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. താറാവുകള്‍ ചാവാന്‍ കാരണമെന്തെന്ന് ഇന്നും അജ്ഞാതമാണ്. 2014 നവംബര്‍ 14നാണ് കുട്ടനാട്ടില്‍ കൂട്ടത്തോടെ താറാവുകള്‍ ചത്തൊടുങ്ങിയത്. വണ്ടാനത്തെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലും, തിരുവല്ലയിലെ മഞ്ഞാടിയിലും ചത്തതാറാവുകളുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് എത്തിച്ചെങ്കിലും സംശയത്തെതുടര്‍ന്ന്  ഭോപ്പാലിലെ ഹൈ സെക്ക്യൂരിറ്റി ആനിമല്‍ ഡീസിസ് ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കിയതോടെ പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചു.
ഇതോടെ താറാവുകര്‍ഷകര്‍ ഭീതിയിലുമായി. ദേശാടന പക്ഷികളാണ് രോഗ വാഹകരെന്നും കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ മുന്‍ കൈയ്യെടുത്തു ദ്രുതകര്‍മ്മ സേനരൂപീകരിക്കുകയും ചെയ്തു. രണ്ട് വെറ്ററിനറി സര്‍ജന്‍, രണ്ട്‌ലൈഫ് സ്‌റ്റോക്ക് ഇന്‍ സെപകടര്‍, രണ്ട് തൊഴിലാളികള്‍, രണ്ട് അറ്റന്‍ന്റര്‍മാര്‍,  കൂടാതെ പഞ്ചായത്തംഗം, രണ്ട് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍ക്കാള്ളുന്ന സംഘമായിരുന്നു സേന. രോഗബാധിത താറാവുകളെ ഞെരിച്ചും, പെട്രോള്‍, മണ്ണെണ്ണ, വിറക് എന്നിവയുടെ സഹായത്തോടെ ചുട്ടുകരിച്ചുമാണ് സംസ്‌ക്കരിച്ചത്. ഇത് അശാസ്ത്രീയമാണെന്ന് പരക്കെ ആക്ഷേപമുണ്ടായിരുന്നു. എതിര്‍പ്പ് രൂക്ഷമായതോടെ താറാവുകളെ പിന്നീട് കുഴിച്ചു മൂടുകയായിരുന്നു. പക്ഷിപ്പനി ബാധിത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ മാത്രമായിരുന്നു സംസ്‌ക്കരണം. മറ്റ് പ്രദേശങ്ങളില്‍ കര്‍ഷകര്‍സംഘടിച്ചായിരുന്നു സംസ്‌ക്കരണം. ഇവര്‍ക്കാവട്ടെ സര്‍ക്കാരിന്റെ യാതൊരു ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല.
ആര്‍പ്പൂക്കര, ഐമനം, കുമരകം, പുറക്കാട്, അമ്പലപ്പുഴ , കൈനടി, പാണ്ടി, ഭഗവതിപാടം, നെടുമുടി, നീലംപേരൂര്‍ ചെറുതന, പള്ളിപ്പാട്, മാവേലിക്കര, മുട്ടാര്‍, തകഴി, കുന്നുമ്മ,തലവടി, എടത്വ, വീയപുരം, മേല്‍പാടം, കരിപ്പുഴ, ചെന്നിത്തല എന്നിവിടങ്ങളിലും മുന്‍ കാലങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിട്ടുണ്ട്. നിത്യ വരുമാനമായി താറാവുവളര്‍ത്തലില്‍ ഏര്‍പ്പെട്ടവര്‍ അടിക്കടിയുണ്ടാവുന്ന രോഗങ്ങളില്‍ താറാവുകള്‍ ചത്തൊടുങ്ങുന്നത് സാമ്പത്തികപ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
ബാങ്ക് വായ്പയും വട്ടി  പലിശയുമെടുത്താണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നകര്‍ഷകര്‍ താറാവ് കൃഷിയിലേര്‍പ്പെട്ടിരിക്കുന്നത്.  മൃഗാശുപത്രികളില്‍ കര്‍ഷകരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുക, മുഴുവന്‍ താറാവുകളേയും ഇന്‍ഷുര്‍ ചെയ്യുക, രോഗപ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്തുക, അടിക്കടി താറാവുകള്‍ക്കുണ്ടാവുന്ന രോഗങ്ങളെപ്പറ്റി  കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണം നടത്തുക, ത്രിതല പഞ്ചായത്തുകള്‍ താറാവുവളര്‍ത്തുന്നതിന് പദ്ധതികള്‍ നടപ്പാക്കുക, പലിശ രഹിത വായ്പ നല്‍കി താറാവു കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കുക എന്നിവ ചെയ്താല്‍  മാത്രമെ  കര്‍ഷകരുടെ ദുരിതത്തിന് അറുതിവരികയുള്ളൂവെന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

RELATED STORIES

Share it
Top