പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതായി റിപോര്‍ട്ട്. ംംം.ാീറ.ഴീ്.ശി എന്ന വെബ്‌സൈറ്റാണ് ഇന്നലെ വൈകീട്ടോടെ ഹാക്ക് ചെയ്യപ്പെട്ടത്. സൈറ്റിന്റെ ഹോം പേജില്‍ ചൈനീസ് അക്ഷരങ്ങള്‍ തെളിയുകയും പ്രവര്‍ത്തനം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. ചൈനീസ് ഹാക്കര്‍മാരാണ് ആക്രമണം നടത്തിയതെന്നാണു സൂചന. പ്രതിരോധ മന്ത്രാലയം വെബ്‌സൈറ്റ് ഹാക്ക് ചെപ്പെട്ടത് ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്.
വെബ്‌സൈറ്റ് പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്ന് നാഷനല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍ അറിയിച്ചു. എന്നാല്‍, സംഭവത്തിനു പിന്നില്‍ ചൈനയില്‍ നിന്നുള്ളവരാണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്ന് മന്ത്രാലയം വക്താവ് പ്രതികരിച്ചു.
അതേസമയം, സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനത്തില്‍ തടസ്സം നേരിടാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പ് പറയുന്നു.
എന്നാല്‍,  പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതല്ലെന്ന വാദവുമായി സൈബര്‍ സുരക്ഷാവിഭാഗം രംഗത്തെത്തി. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ തകരാര്‍ കാണിച്ച സമയത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും കായിക മന്ത്രാലയത്തിന്റെയും വെബ്‌സൈറ്റുകളും പ്രവര്‍ത്തനരഹിതമായിരുന്നു. സെര്‍വര്‍ തകരാര്‍ മൂലം സ്‌റ്റോറേജ് സംവിധാനത്തിലുണ്ടായ പ്രശ്‌നം കാരണമാണ് ചില മന്ത്രാലയങ്ങളുടെ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായതെന്നു ദേശീയ സൈബര്‍ സെക്യൂരിറ്റി കോ-ഓഡിനേറ്റര്‍ ഗുല്‍ഷന്‍ റായ് പ്രതികരിച്ചു.
വെബ്‌സൈറ്റ് ഉടന്‍ പ്രവര്‍ത്തനസജ്ജമാവുമെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ട്വിറ്ററില്‍ പ്രതികരിച്ചു. എന്നാല്‍, സര്‍വര്‍ തകരാറാണെങ്കില്‍ ചൈനീസ് ലിപി എങ്ങിനെ പ്രത്യക്ഷപ്പെട്ടു എന്ന ചോദ്യമാണ് ഉയരുന്നത്.

RELATED STORIES

Share it
Top