പ്രതിരോധിക്കാനും പ്രതികരിക്കാനും കുടുംബശ്രീ- അയല്‍ക്കൂട്ട അംഗങ്ങള്‍

താമരശ്ശേരി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളും പങ്കാളികളാകുന്ന ബൃഹത്തായ ഒരു ക്യാംപയിന്‍ കുടുംബശ്രീയില്‍ 10ന് നടക്കും. അയല്‍ക്കൂട്ടം, സിഡിഎസ്, ബ്ലോക്ക്, ജില്ല സംസ്ഥാന തലങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവധ വകുപ്പുകളുടെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക. ഇതിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുക, പ്രതികരണങ്ങള്‍ സൃഷ്ടിക്കുക, പ്രശ്‌നങ്ങളില്‍ ഇടപെടുകയും പരിഹാരം കാണുകയും ചെയ്യുക എന്ന വിശാലമായ ലക്ഷ്യം അയല്‍ക്കൂട്ട അംഗങ്ങളിലൂടെ സാധ്യമാക്കുക എന്നതും ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടക്കും. കുടുംബശ്രീ സ്‌കൂള്‍ പ്രവര്‍ത്തനത്തിന് തുടര്‍ച്ചയെന്നോണം ഈ പ്രവര്‍ത്തനങ്ങള്‍ അയല്‍ക്കൂട്ട തലത്തില്‍ സംഘടിപ്പിക്കും. കുടുംബസംഗമ വേദികളിലാണ് ഇത് നടക്കുന്നത് .ഒരു ദിവസം മുഴുവന്‍ നീണ്ട് നില്‍ക്കുന്ന രണ്ട് സെക്ഷനുകളായാണ് പ്രവര്‍ത്തനം നടക്കുന്നത്. ആദ്യ സെക്ഷനില്‍ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കിടയില്‍ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളും, അതിക്രമങ്ങളുടെ രേഖപ്പെടുത്തലും, തുടര്‍പ്രവര്‍ത്തനങ്ങളും, ആസൂത്രണവും, നടക്കും .കുടുംബസംഗമമായി നടക്കുന്ന അടുത്ത സെക്ഷനില്‍ കുടുംബശ്രീ കുടുംബാംഗങ്ങളുടെ സംഗമവും, അതിക്രമങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും ,പ്രതിരോധത്തിനുള്ള സാധ്യതകളും വിലയിരുത്തി രേഖപ്പെടുത്തേണ്ടതാണ്. പഠന പ്രവര്‍ത്തനത്തിനായി പ്രത്യേക പഠന സഹായിയും, വിലയിരുത്തല്‍ ഫോറങ്ങളും തയ്യാറാക്കി നല്‍കുന്നതാണ്. അയല്‍ക്കൂട്ട തലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി വാര്‍ഡ് തലങ്ങളില്‍ എഡിഎസ് നേതൃത്വം നല്‍കണം വാര്‍ഡ് അംഗങ്ങള്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, ക്ലബ് ഭാരവാഹികള്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരുടെയും പങ്കാളിത്തം പ്രവര്‍ത്തനത്തില്‍ ഉറപ്പു വരുത്തണം. തുടര്‍ന്ന്് അയല്‍ക്കൂട്ട തലങ്ങളില്‍ നടന്ന പഠന പ്രവര്‍ത്തനങ്ങളുടെയും തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളും, അതിക്രമങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ രേഖപ്പെടുത്തിയ ഫോര്‍മാറ്റുകള്‍ എഡിഎസ് തലത്തില്‍ ക്രോഡീകരിച്ച് സിഡിഎസ് തലത്തില്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കേണ്ടതാണ്. സിഡിഎസ് തലത്തില്‍ അതിക്രമങ്ങള്‍ക്കെതിരേ സഹയാത്രാ സംഗമം എന്ന പേരില്‍ ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുക. സിഡിഎസ് തലത്തില്‍ തയ്യാറാക്കിയ റിപോര്‍ട്ടിലുള്ള പ്രധാന നിര്‍ദേശങ്ങളും പൂര്‍ണ റിപോര്‍ട്ടും ജില്ലാമിഷന് കൈമാറും. പുതുപ്പാടി ഗ്രാമപഞ്ചായത്തില്‍ അയല്‍ക്കൂട്ട തലത്തിലുള്ള ഫെസിലിറ്റേറ്റര്‍മാര്‍ക്കുള്ള പരിശീലനം 5, 6 തിയ്യതികളില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുമെന്ന് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

RELATED STORIES

Share it
Top