പ്രതിരോധമന്ത്രിയെ കണ്ണൂരില്‍ കാത്തിരിക്കുന്നത് അടിയന്തര വിഷയങ്ങള്‍

കണ്ണൂര്‍: മെയ് 26ന് എഴിമല നാവിക അക്കാദമി സന്ദര്‍ശിക്കുന്ന കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെ കാത്തിരിക്കുന്നത് ജില്ലയില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യമായ വിഷയങ്ങള്‍. 26നു രാവിലെ അക്കാദമിയിലെ പാസിങ് ഔട്ട് പരേഡിലും ബിരുദദാന സമ്മേളനത്തിലും പങ്കെടുക്കുന്ന മന്ത്രി മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തും.
ഓഖി ദുരന്തബാധിതരെ കാണാന്‍ ഡിസംബറില്‍ തിരുവനന്തപുരം വിഴിഞ്ഞത്തും പൂന്തുറയിലും പ്രതിരോധമന്ത്രി എത്തിയിരുന്നു. ഏഴിമല നാവിക അക്കാദമിയുമായി ബന്ധപ്പെട്ട് രാമന്തളിയിലെ മാലിന്യപ്രശ്‌നമാണ് വിഷയങ്ങളില്‍ പ്രധാനം. രാമന്തളി പ്രദേശത്തെ കിണറുകളില്‍ നാവിക അക്കാദമിയിലെ ട്രീറ്റ്‌മെന്റ് പ്ലാനില്‍നിന്നുള്ള മലിനജലം ഒഴുകിയെത്തുന്നതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നം ഇനിയും അവസാനിച്ചിട്ടില്ല. പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ 85 ദിവസം നടത്തിയ സമരത്തിനൊടുവില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിനു വേണ്ടി സമരസമിതിയുമായി അക്കാദമി അധികൃതര്‍ കരാര്‍ ഉണ്ടാക്കിയിരുന്നു.
മാലിന്യങ്ങളുടെ വികേന്ദ്രീകരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ രേഖാമൂലം അംഗീകരിച്ച അധികൃതര്‍, പ്രവൃത്തികള്‍ എട്ടുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ എട്ടുമാസം കഴിഞ്ഞിട്ടും മാലിന്യങ്ങളുടെ വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. രാമന്തളി പ്രദേശത്തെ കിണറുകളില്‍ വീണ്ടും മലിനജലം ഒഴുകിയെത്താന്‍ തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മലീനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നാവിക അക്കാദമിയും മാലിന്യബാധിത പ്രദേശങ്ങളും സന്ദര്‍ശിച്ചിരുന്നു.
കഴിഞ്ഞ 10 വര്‍ഷമായി അനുമതിയില്ലാതെ പ്രവര്‍ത്തിച്ചിരുന്ന മാലിന്യപ്ലാന്റിന് വിദഗ്ധ സമിതി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈയിടെയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കിയത്.
ഇതാണ് സമരസമിതിയുമായി ഉണ്ടാക്കിയ കരാര്‍ വ്യവസ്ഥകളില്‍നിന്ന് നാവിക അധികൃതര്‍ പിന്നാക്കംപോവാന്‍ കാരണം. കണ്ണൂര്‍ കന്റോണ്‍മെന്റില്‍ സൈന്യവും നാട്ടുകാരും തമ്മില്‍ തര്‍ക്കം രൂക്ഷമാണ്. കന്റോണ്‍മെന്റ് പരിധിയിലെ 36 കടകള്‍ ഒഴിപ്പിക്കാനുള്ള കന്റോണ്‍മെന്റ് ബോര്‍ഡിന്റെ മുന്‍ തീരുമാനം കഴിഞ്ഞ ദിവസം മന്ത്രിയും എംപിമാരും പങ്കെടുത്ത നിര്‍ണായക യോഗം വോട്ടിനിട്ട് തള്ളിയിരുന്നു. ഇതോടെ വ്യാപാരികള്‍ അനുഭവിക്കുന്ന പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമായെങ്കിലും വഴിത്തര്‍ക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സൈനിക-സിവിലന്‍ തര്‍ക്കം നിലനില്‍ക്കുകയാണ്.
ഇക്കാര്യത്തില്‍ ഉറച്ച നിലപാടുമായി മുന്നോട്ടുപോവുകയാണ് പട്ടാളം. സൈന്യവും നാട്ടുകാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കന്റോണ്‍മെന്റ് അധികൃതരുടെയും ജനപ്രതിനിധികളുടെയും യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ഇരിണാവിലെ നിര്‍ദിഷ്ട കോസ്റ്റ് ഗാര്‍ഡ് അക്കാദമി മംഗലപുരത്തെ ബൈക്കംപടിയിലേക്ക് മാറ്റാനുള്ള നീക്കം തുടങ്ങിയിട്ട് മാസങ്ങളായി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നെങ്കിലും പ്രതികരണമില്ല. കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്കായി 164 ഏക്കര്‍ കേരളം നേരത്തെ കൈമാറിയിരുന്നു. പശ്ചാത്തല സൗകര്യമൊരുക്കാന്‍ 65.56 കോടി രൂപ ഇരിണാവില്‍ ചെലവഴിക്കുകയും ചെയ്തു.
നിര്‍മാണാനുമതി ശുപാര്‍ശ കേരള തീരദേശ പരിപാലന അതോറിറ്റി കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കുകയും ചെയ്തിട്ടുണ്ട്. തീരദേശത്തെ കണ്ടല്‍ക്കാടുകള്‍ ചൂണ്ടിക്കാട്ടിയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കാത്തത്. ഇവയെല്ലാം പ്രതിരോധമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

RELATED STORIES

Share it
Top