പ്രതിരോധം പ്രധാനം

2014ല്‍ സിയറലിയോണ്‍, ലൈബീരിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇബോള വൈറസ് മൂലം 11,000ലധികം ആളുകളാണ് മരണമടഞ്ഞത്. 1976ല്‍ ഇബോള വൈറസിനെ തിരിച്ചറിഞ്ഞ ശേഷം ഒമ്പതു പ്രാവശ്യം അതു വലിയ ദുരന്തങ്ങള്‍ക്കു കാരണമായിട്ടുണ്ട്. ജനവാസം കുറഞ്ഞ പ്രദേശങ്ങളില്‍ ഇബോളയും മറ്റു വൈറസുകളും വേഗം അപ്രത്യക്ഷമാവും. എന്നാല്‍, ജനങ്ങള്‍ ഇടതിങ്ങി താമസിക്കുന്ന സ്ഥലങ്ങളില്‍ അതുണ്ടാക്കുന്ന അനര്‍ഥം വ്യാപകമാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ വൈറസ് ബാധയെപ്പറ്റി കൂടുതല്‍ അറിവുണ്ട്. ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ വളരെ പെട്ടെന്നു പ്രതിരോധ മരുന്നുകള്‍ വികസിപ്പിക്കാനും സാധിക്കും.
പ്രധാന കാര്യം, നിപായായാലും ഇബോളയായാലും ചാടിപ്പിടിക്കുന്ന രോഗമല്ല. രോഗിയുമായി വേണ്ടത്ര മുന്‍കരുതലില്ലാതെ ഇടപഴകുന്നതാണ് കുഴപ്പങ്ങള്‍ വരുത്തിവയ്ക്കുന്നത്. എവിടെ അതു പൊട്ടിപ്പുറപ്പെടുന്നു എന്നു മനസ്സിലായാല്‍ നിയന്ത്രണം എളുപ്പമാണ്. കേരളത്തില്‍ ആരോഗ്യവകുപ്പും ഡോക്ടര്‍മാരും കാണിച്ച അതിജാഗ്രത കാരണം നിപായെ പെട്ടെന്ന് പ്രതിരോധിക്കാന്‍ പറ്റി.
ബഹുജന പങ്കാളിത്തവും പ്രധാനമാണ്. കോംഗോയിലെ ഒരു ചെറുനഗരത്തില്‍ ഇബോള വ്യാപിക്കുമെന്നു കേട്ടപ്പോള്‍ അതിന്റെ ഭൂപടം തയ്യാറാക്കിയത് ലോകത്തിന്റെ പല ഭാഗത്തുമുള്ള വോളന്റിയര്‍മാരാണ്. രോഗകേന്ദ്രത്തിന്റെ 1,000 കിമീ ചുറ്റളവിലുള്ള കെട്ടിടങ്ങളുടെയും തെരുവുകളുടെയും വിവരങ്ങള്‍ അവര്‍ ഉപഗ്രഹചിത്രങ്ങള്‍ അപഗ്രഥിച്ച് ശേഖരിച്ച് അധികൃതര്‍ക്കു നല്‍കി.

RELATED STORIES

Share it
Top