പ്രതിയെ പിടികൂടാന്‍ വൈകിപ്പിച്ചത് ഭരണകക്ഷിയുടെ സമ്മര്‍ദം

പൊന്നാനി: സിനിമാ തിയേറ്ററില്‍ മാതാവിനൊപ്പമിരുന്ന പത്ത് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ ചങ്ങരംകുളം പോലിസിനെ വൈകിപ്പിച്ചത് പ്രതിയുടെ രാഷ്ട്രീയ ബന്ധം. സിപിഎമ്മുമായി സജീവ ബന്ധമുള്ള ഇയാളുടെ കുടുംബം നടത്തിയ സമ്മര്‍ദ്ധമാണ് പരാതി നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാതിരിക്കാന്‍ കാരണം. വ്യവസായ പ്രമുഖനായ പ്രതി പാര്‍ട്ടിക്ക് ഏതുസമയത്തും സാമ്പത്തികമായി സഹായിക്കുന്ന ആളുമായിരുന്നു. പ്രതിയായ തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടി മുന്‍കൂര്‍ജാമ്യം എടുക്കുന്നതിനു വേണ്ടി അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് പിടിയിലായത്. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം ഷൊര്‍ണൂര്‍ അഡീഷനല്‍ എസ്‌ഐ പത്മനാഭന്‍, സിപിഒ സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ പൊന്നാനി പോലിസിന് കൈമാറി. തൃത്താല പോലിസ് സ്‌റ്റേഷന് അടുത്താണ് ഇയാളുടെ വീട്. സംഭവം വാര്‍ത്തയായതോടെ ഇന്നലെ ഉച്ചയോടെതന്നെ പ്രതി രക്ഷപ്പെട്ടിരുന്നു.
ഒടുവില്‍ വിഷയത്തില്‍ മന്ത്രിയടക്കം ഇടപെട്ടതോടെ ചങ്ങരംകുളം പോലിസ് നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായി. പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടന്നിരുന്നെന്നും ഇതിന് ചുക്കാന്‍പിടിച്ചത് സിപിഎം പ്രാദേശിക നേതാക്കളാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
തിയേറ്ററുകാര്‍ ഒരിക്കലും ദൃശ്യങ്ങള്‍ ചാനലുകാര്‍ക്ക് കൈമാറുമെന്ന് ഇവര്‍ പ്രതീക്ഷിച്ചിരുന്നില്ല. ഏറെ ആലോചിച്ച ശേഷമാണ് തിയേറ്ററുകാരും പീഡന ദൃശ്യങ്ങള്‍ സ്വകാര്യ ചാനലിന് നല്‍കിയത്. സംഭവത്തില്‍ ചങ്ങരംകുളം പോലിസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായുള്ള ആരോപണം ശക്തമാണ്. ഏപ്രില്‍ 26ന് തിയേറ്റര്‍ അധികൃതര്‍ പീഡന വിവരം പോലിസില്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെയും നടപടികളൊന്നും സ്വീകരിക്കാന്‍ തയ്യാറാവാതിരുന്നതാണ് വിവാദമായത്.
തിയേറ്ററുകാരുടെ പരാതി മുഖവിലയ്‌ക്കെടുക്കാന്‍ ചങ്ങരംകുളം എസ്‌ഐ തയ്യാറായില്ല. തുടര്‍ന്നാണ് ചൈല്‍ഡ്‌ലൈനിന് പരാതി നല്‍കിയതും സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതും. പ്രതിയുടെ കാര്‍ നമ്പറും സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. ഇതോടെയാണ് സംഭവത്തില്‍ ചങ്ങരംകുളം പോലിസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചത്. ഏപ്രില്‍ 18നാണ് സംഭവം നടന്നത്. മധ്യവയസ് പ്രായമുള്ളയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതായും കുട്ടിക്കൊപ്പമുള്ള സ്ത്രീ ഇത് മനസ്സിലാക്കിയതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സ്ത്രീയുടെയും സ്വകാര്യ ഭാഗങ്ങളില്‍ ഇയാള്‍ സ്പര്‍ശിക്കുന്നുണ്ട്. കെഎല്‍ 46 ജി 240 എന്ന നമ്പറുള്ള ബെന്‍സ് കാറിലാണ് ഇവരെത്തിയത്.
രണ്ടരമണിക്കൂറോളം കുട്ടി ഇയാളുടെ ക്രൂരമായ പീഡനത്തിന് ഇരയായിരുന്നു. പ്രതിയെ പിടികൂടാന്‍ മന്ത്രി കെ ടി ജലീല്‍ കര്‍ശന നിര്‍ദേശം നല്‍കിയതോടെയാണ് തൃത്താല സ്വദേശിയായ മൊയ്തീന്‍ കുട്ടിയെ പിടികൂടിയത്. പട്ടാമ്പി രജിസ്‌ട്രേഷനിലുള്ള കാറിലാണ് ഇയാള്‍ എടപ്പാളിലുള്ള തിയേറ്ററില്‍ എത്തിയത്. അതേസമയം, എസ്‌ഐക്കെതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. ചങ്ങരംകുളം പോലിസിന്റെ നടപടിക്കെതിരെ വ്യാപകമായ വിമര്‍ശനവും പ്രതിഷേധവുമാണ് ഉയര്‍ന്നിട്ടുള്ളത്.

RELATED STORIES

Share it
Top