പ്രതിയെയും ബാലികയുടെ മാതാവിനെയും റിമാന്‍ഡ് ചെയ്തു

എടപ്പാള്‍: സിനിമാ തിയേറ്ററില്‍ പത്തുവയസ്സുകാരി ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (55), പീഡനത്തിനിരയായ കുട്ടിയുടെ മാതാവ് എന്നിവരെ മലപ്പുറം കോടതിയില്‍ ഹാജരാക്കി. ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മൊയ്തീന്‍കുട്ടിയെ ശനിയാഴ്ച വൈകീട്ടാണ് ഷൊര്‍ണൂരില്‍ അറസ്റ്റ് ചെയ്തത്. ബാലികയുടെ മാതാവിനെ ഇന്നലെ ഉച്ചയോടെയാണ് അറസ്റ്റ് ചെയ്തത്. എടപ്പാളിലെ സിനിമാ തിയേറ്ററില്‍ ബാലികയ്ക്കും മാതാവിനുമൊപ്പം സിനിമയ്ക്കു വന്ന മൊയ്തീന്‍കുട്ടി സിനിമ തീരുന്നതു വരെ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മാതാവിന്റെ ഒത്താശയോടെയാണ് പീഡനമെന്ന് ബോധ്യപ്പെട്ടതിനാലാണ് മാതാവിനെ അറസ്റ്റ് ചെയ്തതെന്ന് കേസന്വേഷണം നടത്തുന്ന ഡിസിആര്‍ബി ഡിവൈഎസ്പി ഷാജി വര്‍ഗീസ് പറഞ്ഞു.
പോക്‌സോ നിയമത്തിലെ ഒമ്പത്, 10, 16, 75 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. പ്രതി മൊയ്തീന്‍കുട്ടിയുടെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് കുട്ടിയും മാതാവും താമസിച്ചുവരുന്നത്. പീഡനത്തിന്റെ വ്യക്തമായ തെളിവുകള്‍ വീഡിയോദൃശ്യത്തില്‍ നിന്നു ലഭിച്ചെന്നും ഡിവൈഎസ്പി പറഞ്ഞു.
അതേസമയം, പീഡനത്തിനിരയായ കുട്ടിയെ പരിശോധനയ്ക്കു വിധേയയാക്കി. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി  മൊഴി രേഖപ്പെടുത്തി. കുട്ടിയുടെ സംരക്ഷണച്ചുമതല സാമൂഹിക നീതി വകുപ്പിനു കീഴിലെ നിര്‍ഭയയെ ഏല്‍പിച്ചു. കുട്ടിയെ തവനൂരിലെ റസ്‌ക്യൂ ഹോമിലേക്കയച്ചു. ആവശ്യമായ കൗണ്‍സലിങ് നടത്താന്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. മൊയ്തീന്‍കുട്ടി ബാലികയെയും മാതാവിനെയും കയറ്റി സിനിമാ തിയേറ്ററിലേക്ക് വന്ന ബെന്‍സ് കാര്‍ കസ്റ്റഡിയിലെടുത്തു.

RELATED STORIES

Share it
Top