പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുക ശസ്ത്രക്രിയക്കു ശേഷം

കൊച്ചി: എസ്ആര്‍എം റോഡി ല്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കോമ്പാറ പുതുപ്പള്ളിപ്പറമ്പ് സഞ്ജു സുലാല്‍ സേട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത് വൈകും. കലൂര്‍ എസ്ആര്‍എം റോഡ് പൂട്ടോത്തു ലെയിനിലെ വാടകവീട്ടില്‍ മാതാവിനൊപ്പം താമസിക്കുകയായിരുന്ന ഉള്ളാട്ടില്‍ വീട്ടില്‍ ഷീബയെ (35) ആണു ഭര്‍ത്താവ് സഞ്ജു (39) ശനിയാഴ്ച വെട്ടിക്കൊലപ്പെടുത്തിയത്. അക്രമണത്തില്‍ പ്രതിയുടെ ഇരുകൈക്കും സാരമായി പരിക്കേറ്റിരുന്നു. സംഭവ ശേഷം പോലിസ് പിടിയിലായ പ്രതിയെ പരിക്കിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രി തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ കഴിയുന്ന ഇയാളെ ഇന്നു ശസ്ത്രക്രിയക്കു വിധേയനാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഭാര്യയെ ആക്രമിക്കുന്നതിനിടെയുണ്ടായ മല്‍പ്പിടിത്തത്തിലാണ് ഇരു കൈകളിലും പരിക്കേറ്റത്. വലതു കൈയിലെ തള്ളവിരല്‍ ഒഴികെയുള്ള മറ്റു നാലു വിരലുകള്‍ക്കും പല ഭാഗത്തായി ആഴത്തില്‍ മുറിവേറ്റു. ഇടതു കൈയിലെ വിരലുകള്‍ക്കു പുറമേയുള്ള ഞരമ്പുകള്‍ മുറിഞ്ഞ നിലയിലാണ്. ഇതു കൂടാതെ രണ്ടു കൈപ്പത്തിക്കും മുറിവുണ്ട്. ഇന്നത്തെ ശസ്ത്രക്രിയക്കു ശേഷം ആരോഗ്യസ്ഥിതി വീണ്ടെടുത്തു കഴിഞ്ഞാവും അറസ്റ്റ്.
ഷീബയുടെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ആക്രമണത്തിനിടെ ഷീബയുടെ മാതാവ് അഫ്‌സയ്ക്കും പരിക്കേറ്റിരുന്നു. വയറിനും കാല്‍മുട്ടിനും പരിക്കേറ്റ ഇവരെ ഇന്നലെ എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയില്‍ ശസ്ത്രക്രിയക്കു വിധേയയാക്കി. അഫ്‌സ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച രാത്രി ഒമ്പതോടെയാണു സംഭവം. നമസ്‌കാര സമയത്ത് വീട്ടിലെത്തിയ ഭര്‍ത്താവ് സാജു (39) ഷീബയെ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഷീബയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അഫ്‌സയ്ക്കു വെട്ടേറ്റത്. സഞ്ജുവിന്റെ സംശയ രോഗമാണ് അക്രമത്തില്‍ കലാശിച്ചതെന്നു പോലിസ് പറഞ്ഞു. കറുകപ്പിള്ളിയില്‍ താമസിക്കുന്ന ഷീബ കഴിഞ്ഞ ആഴ്ചയാണ് ഇവിടെയെത്തിയതെന്നു നാട്ടുകാര്‍ പറഞ്ഞു. ഗള്‍ഫിലായിരുന്ന ആലപ്പുഴ സ്വദേശിയായ സഞ്ജു അടുത്തിടെയാണു നാട്ടില്‍ എത്തിയത്.

RELATED STORIES

Share it
Top