പ്രതിപക്ഷ ബഹളത്തില്‍ മൂന്നാംദിനവും ഇരുസഭകളും പിരിഞ്ഞു

ന്യൂഡല്‍ഹി: പിഎന്‍ബി തട്ടിപ്പ് വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു സഭാ നടപടികള്‍ പൂര്‍ത്തിയാക്കാനാവാതെ ബജറ്റ് സമ്മേളനത്തിന്റെ മൂന്നാംദിനവും പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞു. പിഎന്‍ബി വിഷയത്തിനു പുറമെ കാവേരി വിഷയം ഉയര്‍ത്തി തമിഴ്‌നാട്ടില്‍ നിന്നുള്ള അംഗങ്ങളുടെയും ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ടു ടിഡിപി അംഗങ്ങളുടെയും വൈഎസ്ആര്‍ കോണ്‍ഗ്രസ്സിന്റെയും പ്രതിഷേധം മൂന്നാംദിനവും തുടര്‍ന്നതോടെയാണു സഭാ നടപടികള്‍ തടസ്സപ്പെട്ടത്.
എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേനയും പ്രതിഷേധത്തില്‍ പങ്കാളികളായി. മുന്‍കൂട്ടി തീരുമാനിച്ച ചര്‍ച്ചകള്‍ പോലും നടത്താനാവാതെ ഇരുസഭകളും ഇന്നലെയും നേരത്തെ പിരിയുകയായിരുന്നു. എന്നാല്‍ ഏതു ചര്‍ച്ചകള്‍ക്കും സര്‍ക്കാര്‍ തയ്യാറാണെന്നു മന്ത്രി സി ആര്‍ ചൗധരി അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ ബഹളം തുടരുകയായിരുന്നു. പ്രധാനമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ടു ലോക്‌സഭയിലും പ്രതിപക്ഷം ബഹളം ശക്തമാക്കി.
അതേസമയം രാജ്യത്തെ വിവിധയിടങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ പ്രതിമകള്‍ക്ക് ഉണ്ടായ ആക്രമണങ്ങളില്‍ അപലപിച്ചായിരുന്നു രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു സഭാ നടപടികളിലേക്കു കടന്നത്.
സംഭവങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരേ ശക്തമായ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top