പ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്റ് സ്തംഭിച്ചു

ന്യൂഡല്‍ഹി: ഭരണഘടന പൊളിച്ചെഴുതുമെന്ന കേന്ദ്രമന്ത്രിയുടെ പരസ്യ പ്രഖ്യാപനത്തെച്ചൊല്ലിയുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. കേന്ദ്ര നൈപുണി വികസന സഹമന്ത്രി അനന്ദ് കുമാര്‍ ഹെഗ്‌ഡെ കര്‍ണാടകയിലെ യെല്‍ബുര്‍ഗയില്‍ നടത്തിയ പ്രഖ്യാപനമാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായത്. മന്ത്രിക്കെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ഇരു സഭകളും രണ്ടുമണി വരെ പിരിഞ്ഞു.
രാജ്യത്തിന്റെ ഭരണഘടനയെ ചോദ്യംചെയ്യുന്ന ഒരാള്‍ എങ്ങനെ പാര്‍ലമെന്റ് അംഗമായി തുടരുമെന്നാണു പ്രതിപക്ഷം രാജ്യസഭയില്‍ ഉയര്‍ത്തിയ ചോദ്യം. ഭരണഘടനയില്‍ വിശ്വാസമില്ലാത്ത ഒരാള്‍ക്ക് പാര്‍ലമെന്റ് അംഗമായിരിക്കാന്‍ യോഗ്യതയില്ലെന്നു പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ചൂണ്ടിക്കാട്ടി. ഒന്നുകില്‍ ഹെഗ്‌ഡെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും മാപ്പുപറയുക. അല്ലെങ്കില്‍ മന്ത്രി തുടരണോ എന്ന വിഷയത്തില്‍ പ്രധാനമന്ത്രി തീരുമാനമെടുക്കണമെന്നും ഗുലാംനബി പറഞ്ഞു. സര്‍ക്കാരിന് ഭരണഘടനയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും മന്ത്രി ഹെഗ്‌ഡെയുടെ പ്രസ്താവനയോടു യോജിക്കുന്നില്ലെന്നും പാര്‍ലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയല്‍ സഭയില്‍ മറുപടിനല്‍കിയെങ്കിലും മന്ത്രിയുടെ രാജിയല്ലാതെ മറ്റു വഴികളില്ലെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനിന്നു.
ഭരണഘടനയെ ആധാരമാക്കി സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഭരണഘടനാ ലംഘനമാണു നടത്തിയിരിക്കുന്നതെന്ന് ബിഎസ്പി അംഗം സതീഷ് ചന്ദ്രമിശ്ര ചൂണ്ടിക്കാട്ടി. മന്ത്രി നിലവിട്ടു സംസാരിച്ചുവെന്ന് സിപിഐ നേതാവ് ഡി രാജ പറഞ്ഞു. മന്ത്രി തന്റെ പ്രസ്താവനയില്‍ വിശദീകരണം നല്‍കണമെന്ന് ഡിഎംകെ എംപി തിരുച്ചി ശിവ ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ വിഷയം അവസാനിച്ചുവെന്ന് അധ്യക്ഷന്‍ എം വെങ്കയ്യ നായിഡു പറഞ്ഞു. എന്നാല്‍, ഭരണഘടനാ ശില്‍പിയായ ഡോ. ബി ആര്‍ അംബേദ്കറെ മന്ത്രി ഹെഗ്‌ഡെ അപമാനിച്ചു എന്നാരോപിച്ചു പ്രതിപക്ഷം രാജ്യസഭാ അധ്യക്ഷന്റെ ചേംബര്‍ വളഞ്ഞ് മുദ്രാവാക്യം മുഴക്കി.    ഹെഗ്‌ഡെയുടെ പരാമര്‍ശത്തെ തുടര്‍ന്ന് പ്രതിപക്ഷം ലോക്‌സഭയില്‍ ഉയര്‍ത്തിയ ബഹളത്തില്‍ സഭ രണ്ടുവട്ടം നിര്‍ത്തിവച്ചു. ഇന്നലെ സഭ ചേര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് ഹെഗ്‌ഡെയുടെ രാജി ആവശ്യപ്പെട്ടു.
ചോദ്യോത്തരവേളയില്‍ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് വിഷയം ഉന്നയിച്ചത്. പിതൃശൂന്യരാണു മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്നതെന്ന ഹെഗ്‌ഡെയുടെ പരാമര്‍ശം ഖാര്‍ഗെ സഭയില്‍ ഉന്നയിച്ചു. എന്നാല്‍, ഖാര്‍ഗെയുടെ പരാമര്‍ശം പാര്‍ലമെന്ററി നടപടിക്കു ചേരാത്തതാണെന്നും പിന്‍വലിക്കണമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി ആവശ്യപ്പെട്ടു. തൊട്ടു പിന്നാലെ, അംബേദ്കറെ അപമാനിക്കുന്നത് സഹിക്കില്ലെന്ന മുദ്രാവാക്യം മുഴക്കി കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലേക്കിറങ്ങിയതോടെ സ്പീക്കര്‍ സഭാനടപടികള്‍ നിര്‍ത്തിവച്ചു. സഭ വീണ്ടും ചേര്‍ന്നപ്പോഴും പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുന്നതിനിടെ എല്ലാവരും സീറ്റുകളിലേക്കു മടങ്ങിയില്ലെങ്കില്‍ ആരെയും സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ മുന്നറിയിപ്പു നല്‍കി. ഇന്നലെ 5.38ന് ലോക്‌സഭ പിരിയുമ്പോഴും പ്രതിപക്ഷം നടുത്തളത്തില്‍ പ്രതിഷേധം തുടരുകയായിരുന്നു.

RELATED STORIES

Share it
Top