പ്രതിപക്ഷ നേതാവും ഭാര്യയും ആദിവാസി കുടിയില്‍

കോതമംഗലം: പുതുവല്‍സരദിനം ചെലവഴിക്കാനായി എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും ഭാര്യ അനിതക്കും ഊഷ്മളമായ വരവേല്‍പ്പുനല്‍കി ആദിവാസികുടി.
സംസ്ഥാനത്തെ പ്രധാന ആദിവാസി മേഖലയായ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കുടിയിലേക്കുള്ള യാത്രയില്‍ ഇന്നലെ രാവിലെ 9 നാണ് പൂയംകുട്ടി ബ്ലാവന കടവില്‍ പ്രതിപക്ഷ നേതാവെത്തിയത്.
കുണ്ടും കുഴിയും നിറഞ്ഞ കാനന പാതയിലൂടെ 8 കിലോമീറ്റര്‍ പോലിസിന്റെ വാഹനത്തില്‍ സഞ്ചരിച്ചായിരുന്നു പ്രതിപക്ഷ നേതാവും ഭാര്യയും കുഞ്ചിപ്പാറ ആദിവാസി ഊരില്‍ എത്തിയത്‌രമേശ് ചെന്നിത്തലയ്ക്ക് നൂറ്  കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും ആദിവാസി സമൂഹവും ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കിയത്.
കുഞ്ചിപ്പാറ, തലവച്ചപാറ കുടികളിലെ ആദിവാസികള്‍ പരമ്പരാഗത രീതിയിലായിരുന്നു പ്രതിപക്ഷ നേതാവിനെ സ്വീകരിച്ചത്.
ആദിവാസി കുടിയില്‍ എത്തിയ പ്രതിപക്ഷ നേതാവ് ആദിവാസികളോടൊപ്പം ഉച്ചഭക്ഷണം കഴിച്ചു. ആദിവാസി കുടികളിലെ താമസക്കാരുടെ ജീവിതരീതി നേരിട്ടറിയാനാണ് ഒരു ദിവസം മുഴുവന്‍ അവരോടൊപ്പം ചെലവഴിക്കാന്‍ എത്തിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നും ആദിവാസി ഊരുകളിലെ റോഡുകള്‍ക്ക് അമ്പത് ലക്ഷവും പി ജെ കുര്യന്‍ എംപിയുടെ ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും ആദിവാസി ഊരുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കുമെന്ന വാഗ്ദാനവും രമേശ് ചെന്നിത്തല നല്‍കി.
എംഎല്‍എ മാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, റോജി ജോണ്‍, മുന്‍ എംഎല്‍എമാരായ ജോസഫ് വാഴക്കന്‍, വി ജെ പൗലോസ്, കെ പി ബാബു, എ ജി ജോര്‍ജ്, എബി എബ്രാഹം, സി ജെ എല്‍ദോസ്, കെ എ സിബി, അഡ്വ.ഷിബു കുര്യാക്കോസ് എന്നിവരും ചെന്നിത്തലയ്‌ക്കൊപ്പമുണ്ടായിരുന്നു.

RELATED STORIES

Share it
Top