പ്രതിപക്ഷ നേതാവും ബിജെപിയും വേട്ടക്കാര്‍ക്കൊപ്പം: കോടിയേരിഹരിപ്പാട്: യുവനടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെ കോടതിക്കുള്ളില്‍ നിന്നും അറസ്റ്റ് ചെയ്തത് ശരിയായില്ലെന്ന പ്രതിപക്ഷ നേതാവിന്റെയും ബിജെപി സംസ്ഥാന പ്രസിഡന്റിന്റെയും അഭിപ്രായം ഇവര്‍ വേട്ടക്കാര്‍ക്ക് ഒപ്പമാണെന്ന് തെളിയിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സിപിഎം ഹരിപ്പാട് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അക്രമ രാഷ്ട്രീയത്തിനും രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ കാപട്യത്തിനുമെതിരേ മാധവാ ജങ്ഷനില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോടതിയില്‍ ജഡ്ജി ഇല്ലാതിരുന്ന സമയത്താണ് പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തത്. ഇതില്‍ നിയമ പ്രശ്‌നം ഒന്നും ഇല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. അഭിഭാഷകരുടെ വേഷം ധരിച്ച് ഹെല്‍മെറ്റ് കൊണ്ട് മുഖം മറച്ചാണ് പ്രതികള്‍ എത്തിയത്. ജഡ്ജി കയറി ഇറങ്ങുന്ന വാതിലിലൂടെ പ്രവേശിച്ച് പ്രതിക്കൂട്ടില്‍ കയറി നില്‍ക്കുകയായിരുന്നു ഇവര്‍. ഒരുകൂട്ടം അഭിഭാഷകരുടെ സഹായത്തോടെയാണ് ഇത് നടന്നത്. അപരിചിതരായ രണ്ടുപേര്‍ കോടതിയില്‍ കടന്ന് കയറിയാല്‍ പോലിസിന് അറസ്റ്റ് ചെയ്യാതെ നോക്കി നില്‍ക്കാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. നടിയെ അക്രമിച്ച് എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റ് ചെയ്ത പോലിസ് നടപടിയെ സിനിമ പ്രവര്‍ത്തകര്‍ അഭിനന്ദിച്ചിട്ടുണ്ട്. ഇവര്‍ അറസ്റ്റിലായതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും മനോവിഷമത്തിലാണ്.
അക്രമം നടത്തുന്നവര്‍ ആരായാലും മുഖം നോക്കാതെ സര്‍ക്കാര്‍ സ്വീകരിക്കും. സിപിഎം എന്നും ഇരകളോടൊപ്പമാണ്. മാസംതോറും ഓരോ എംഎല്‍എമാര്‍ സത്യഗ്രഹം ഇരിക്കാനാണ് യുഡിഎഫ് തീരുമാനമെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അഴിമതിയുടെ ദുര്‍മേദസ് മാറാനാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, ആര്‍ രാജേഷ് എംഎല്‍എ, സി കെ സദാശിവന്‍, സി എസ് സുജാത, ആര്‍ നാസര്‍, സി ബി ചന്ദ്രബാബു, പ്രസാദ്, ടി കെ ദേവകുമാര്‍ സംസാരിച്ചു.

RELATED STORIES

Share it
Top