പ്രതിപക്ഷ നേതാവിന്റെ ആരോപണം രാഷ്ട്രീയപ്രേരിതമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചതിനു പിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍.
എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ വസ്തുതകള്‍ക്ക് നിരക്കാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പുകമറ സൃഷ്ടിക്കുകയാണ് പ്രതിപക്ഷ നേതാവെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സംസ്ഥാനത്ത് മദ്യം ഉല്‍പാദിപ്പിക്കുന്ന ഒരു ഡിസ്റ്റിലറിയും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. മൂന്ന് ബ്രൂവറികളും ഒരു ബ്ലെന്‍ഡിങ്-കോമ്പൗണ്ടിങ് ആന്റ് ബോട്‌ലിങ് യൂനിറ്റും അനുവദിച്ചത് നടപടിക്രമങ്ങള്‍ അനുസരിച്ചും നിയമവും ചട്ടങ്ങളും പാലിച്ചുമാണ്. സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറങ്ങുന്ന മുറയ്ക്ക് സര്‍ക്കാരിന്റെ വെബ് ആന്റ് ന്യൂ മീഡിയയില്‍ പ്രസിദ്ധപ്പെടുത്തുന്നുമുണ്ട്. സുതാര്യമായാണ് അപേക്ഷകളില്‍ തീരുമാനമെടുത്തത്. സംസ്ഥാനത്തിനകത്തു തന്നെ വിദേശമദ്യവും ബിയറും ഉല്‍പാദിപ്പിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്നത് ഒഴിവാക്കാനും. നേരിട്ടും അല്ലാതെയും അനേകം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും സാധിക്കും. ഈ വസ്തുതകള്‍ ചൂണ്ടിക്കാട്ടി എക്‌സൈസ് കമ്മീഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശ പരിഗണിച്ച ശേഷമാണ് ബ്രൂവറികള്‍ക്കും ബോട്‌ലിങ് യൂനിറ്റിനും അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ചെന്നിത്തലയുടെ ആരോപണം ഇതര സംസ്ഥാന മദ്യലോബികളെ സഹായിക്കാന്‍ വേണ്ടി മാത്രമാണെന്നും മന്ത്രി ആരോപിച്ചു.

RELATED STORIES

Share it
Top