പ്രതിപക്ഷ ഐക്യം യാഥാര്‍ഥ്യമായി: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയ്‌ക്കെതിരേ രാജ്യമൊട്ടാകെ നടന്ന ഹര്‍ത്താലിലൂടെ ശക്തമായ പ്രതിപക്ഷ ഐക്യനിര രൂപപ്പെട്ടുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ചാണ്ടി. രാജ്യത്തെ പ്രമുഖ 21 പാര്‍ട്ടികളാണ് ഹര്‍ത്താലില്‍ പങ്കെടുത്തത്. വര്‍ഗീയ, ഫാഷിസ്റ്റ് ശക്തിയായ ബിജെപിക്കെതിരേ ഇതാദ്യമായാണ് ഇത്രയും കക്ഷികള്‍ അണിനിരക്കുന്നത്. ഇതു ജനാധിപത്യ, മതേതരവിശ്വാസികളെ ആവേശഭരിതരും പ്രതീക്ഷാനിര്‍ഭരരുമാക്കുന്നു. ഇന്ധനവില വര്‍ധന ഉള്‍പ്പെടെയുള്ള ജനദ്രോഹ നടപടികള്‍ക്കെതിരേ ഇനിയും ശക്തമായ പോരാട്ടങ്ങള്‍ ഉണ്ടാവും. കൂടുതല്‍ കക്ഷികളെയും പ്രസ്ഥാനങ്ങളെയും ഇതില്‍ പങ്കെടുപ്പിക്കും. ദേശീയതലത്തില്‍ ഹര്‍ത്താല്‍ വിജയിപ്പിച്ചവരെ ഉമ്മന്‍ചാണ്ടി അഭിനന്ദിച്ചു. രാജ്യം ഇത്രയും ശക്തമായ താക്കീതു നല്‍കിയിട്ടും ഇന്ധനവില കുതിച്ചുകയറുകയാണ്. ആഗസ്ത് 31 മുതല്‍ തുടര്‍ച്ചയായി ഇന്ധനവില ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും അടിയന്തരമായി ഇടപെട്ട് ഇന്ധനവില കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കണമെന്ന്—ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.—ജനാധിപത്യം അട്ടിമറിച്ച്—അടുത്ത 50 വര്‍ഷം രാജ്യം ഭരിക്കാമെന്ന ബിജെപിയുടെ വ്യാമോഹം നടക്കില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഉറ്റുനോക്കുന്നതിന്റെ ജാള്യം മറയ്ക്കാനാണ് ബിജെപി അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top