പ്രതിപക്ഷനേതാവിന്റെ അഭിപ്രായത്തിന് എതിരേ വോട്ടുചെയ്ത് യുഡിഎഫ്

കോഴിക്കോട്: സംസ്ഥാനവും ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍ കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളണമെന്ന പ്രതിപക്ഷനേതാവിന്റെ അഭിപ്രായത്തിന് വിരുദ്ധമായി യുഡിഎഫ് കൗണ്‍സിലര്‍മാര്‍. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് അഡ്വ. പി എം സുരേഷ്ബാബുവിന്റെ അഭിപ്രായത്തിന് വിപരീതമായി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ വോട്ടുചെയ്തത്.
സുരേഷ് ബാബുവിന്റെ അസാന്നിധ്യത്തില്‍ നടന്ന വോട്ടെടുപ്പില്‍ ബിജെപിയുടെ പ്രമേയം 22നെതിരേ 42 വോട്ടുകള്‍ക്ക് സഭ തള്ളി. ജനക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ ഇന്ധനവിലയില്‍ 2.50 രൂപ കുറച്ച പോലെ സംസ്ഥാന നികുതിയും കുറയ്ക്കാന്‍ ആവശ്യപ്പെടണമെന്നതായിരുന്നു ബിജെപിയുടെ സഭാനേതാവ് നമ്പിടി നാരായണന്റെ അടിയന്തര പ്രമേയത്തിലെ ആവശ്യം. യുഡിഎഫ് അംഗങ്ങളായ വിദ്യ ബാലകൃഷ്ണന്‍, മുഹമ്മദ് ഷമീല്‍, സി അബ്ദുര്‍റഹ്മാന്‍ പ്രമേയത്തെ അനുകൂലിച്ചു. ഭരണപക്ഷത്തെ കെ കെ റഫീഖ്, എം രാധാകൃഷ്ണന്‍, എം സി അനില്‍കുമാര്‍ എതിര്‍ത്തും സംസാരിച്ചു. തുടര്‍ന്നായിരുന്നു പി എം സുരേഷ്ബാബു സംസാരിച്ചത്. ജനങ്ങളോടു കൂറില്ലാതെ, രാഷ്ട്രീയപ്രേരിതമായാണ് നമ്പിടി നാരായണന്‍ പ്രമേയം അവതരിപ്പിച്ചതെന്നും ആത്മാര്‍ഥതയില്ലാത്ത അവതരണം ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണെന്നും സുരേഷ്ബാബു കുറ്റപ്പെടുത്തി. എങ്കിലും സാധാരണക്കാരുടെ ദുരിതം ഇല്ലാതാക്കാനുള്ള ബാധ്യത സംസ്ഥാനസര്‍ക്കാരിനുണ്ട്. പ്രമേയം തള്ളിക്കളയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചര്‍ച്ച തുടരുന്നതിനിടെ മേയറുടെ അനുമതിയോടെ അദ്ദേഹം പുറത്തേക്ക് പോയി. ഇതിനുശേഷം നടന്ന വോട്ടെടുപ്പില്‍ പ്രമേയത്തെ അനുകൂലിച്ച ബിജെപി അംഗങ്ങള്‍ക്കൊപ്പം യുഡിഎഫ് അംഗങ്ങളും കൈ ഉയര്‍ത്തിയപ്പോള്‍ ഭരണപക്ഷത്തുള്ളവര്‍ പ്രതിപക്ഷ നേതാവിനെ മാറ്റണമെന്ന് കളിയാക്കുന്നുണ്ടായിരുന്നു. ബ്രൂവറി അനുവദിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ലീഗിലെ കെ ടി ബീരാന്‍കോയ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മേയര്‍ അടിയന്തര സ്വഭാവമില്ലെന്നു പറഞ്ഞ് അവതരണാനുമതി നിഷേധിച്ചത് വന്‍പ്രതിഷേധമുയര്‍ത്തുകയും ചെയ്തു. അഡ്വ. ഒ ശരണ്യയുടെ നേതൃതവത്തില്‍ എക്‌സൈസ് മന്ത്രിക്കെതിരേ യുഡിഎഫ് അംഗങ്ങള്‍ മുദ്രാവാക്യമുയര്‍ത്തി.

RELATED STORIES

Share it
Top