പ്രതിപക്ഷം ബജറ്റ് കത്തിച്ചു; കിളിമാനൂരില്‍ യോഗം അലങ്കോലമായി

കിളിമാനൂര്‍: ഇന്നലെ കൂടിയ കിളിമാനൂര്‍ ഗ്രാമപ്പഞ്ചായത്ത് ബജറ്റ് കമ്മിറ്റി അലങ്കോലമായി. പ്രതിപക്ഷം പഞ്ചായത്ത് ഓഫിസ് പടിക്കല്‍ ബജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് ഇന്നലെ കിളിമാനൂര്‍ ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റിയില്‍ നാടകീയ രംഗങ്ങള്‍ ആണ് അരങ്ങേറിയത്.
രാവിലെ 11ന് ബജറ്റ് അവതരിപ്പിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാളിന്റെ അധ്യക്ഷതയില്‍ കമ്മിറ്റി കൂടി. പ്രസിഡന്റിന്റെ ആമുഖ പ്രസംഗം അതിരുവിട്ട് ബജറ്റ് പ്രസംഗം ആയതോടെ പ്രതിപക്ഷത്തെ സജി ചോദ്യം ചെയ്തു. കീഴ്‌വഴക്കം പ്രസിഡന്റ്് ലംഘിച്ചു എന്നും ധനകാര്യ സ്ഥിരം സമിതി അധ്യക്ഷനും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ദേവദാസ് ആണ് ബജറ്റ് അവതരിപ്പിക്കേണ്ടെതെന്ന് സജി ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് പ്രസിഡന്റ് രാജ ലക്ഷ്മി അമ്മാള്‍ വൈസ് പ്രസിഡന്റിനെ ബജറ്റ് അവതരിപ്പിക്കാന്‍ ക്ഷണിച്ചെങ്കിലും വൈസ് പ്രസിഡന്റ് ബജറ്റ് അവതരിപ്പിക്കാന്‍ കൂട്ടാക്കിയില്ല.
പ്രസിഡന്റിന്റെ നടപടിയെ രൂക്ഷമായ ഭാഷയില്‍ വൈസ് പ്രസിഡന്റ്്് വിമര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് ബഹളവും വാഗ്വാദവും മൂലം കമ്മിറ്റി അലോങ്കോലമാവുകയും കമ്മിറ്റി പിരിയുകയും ചെയ്തു. ചേരിതിരിവിലായ ഭരണ പക്ഷത്തെ ഏകോപിപ്പിക്കാന്‍ സിപിഎം പ്രാദേശിക നേതാക്കള്‍ എത്തുകയും അനുനയിപ്പിക്കുകയും പിന്നീട് വീണ്ടും കമ്മിറ്റി കൂടി ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു.
അതേസമയം വിട്ടു നിന്ന പ്രതിപക്ഷം പുറത്ത് ബജറ്റ് കത്തിച്ചു. പഞ്ചായത്ത് ഭരണത്തില്‍  പ്രസിഡന്റും വൈസ് പ്രസിഡന്റും ചേരിതിരിഞ്ഞു നില്‍ക്കുകയാണെന്ന് വ്യാപകമായി ആരോപണമുണ്ട്. പ്രതിപക്ഷവും ആരോപണം ഉന്നയിച്ചു. ബജറ്റ് കമ്മിറ്റി അട്ടിമറിച്ച പ്രസിഡന്റ് രാജിവയ്്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
പഴയകുന്നുമ്മലില്‍ 6.41 കോടിയുടെ
മിച്ച ബജറ്റ്
കിളിമാനൂര്‍: പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്തിന് 26,00,28,423 രൂപ വരവും 19,58,98,823 രൂപ ചെലവും 6,41,29,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ഇന്നലെ കൂടിയ പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചു. ഉല്‍പാദന, പശ്ചാത്തല, സേവന മേഖലകള്‍ക്ക് മുന്തിയ പരിഗണന നല്‍കിയാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റും, ധനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ കെ രാജേന്ദ്രന്‍ ബജറ്റ്് അവതരിപ്പിച്ചത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ് സിന്ധു അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top