പ്രതിനിധി സമ്മേളനം ഇന്നു മുതല്‍; കേരളാ കോണ്‍ഗ്രസ് കൂട്ടുകെട്ടും വിഭാഗീയതയും ചര്‍ച്ചയാവും

കോട്ടയം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായി നാലു ദിവസം നീണ്ടുനില്‍ക്കുന്ന കോട്ടയം ജില്ലാ സമ്മേളനത്തിനു തുടക്കമായി. ഇന്നലെ വൈകീട്ടോടെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പതാക, കൊടിമര, ബാനര്‍ ജാഥകള്‍ കോട്ടയത്തെത്തി. തുടര്‍ന്ന് തിരുനക്കര മൈതാനത്ത് സ്വാഗത സംഘം ചെയര്‍മാന്‍ കെ സുരേഷ് കുറുപ്പ് എംഎല്‍എ പതാക ഉയര്‍ത്തി. ഇന്നു രാവിലെ നീണ്ടൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ദീപശിഖാ പ്രയാണം നടക്കും. തുടര്‍ന്ന് മാമ്മന്‍മാപ്പിള ഹാളില്‍ ചേരുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈക്കം വിശ്വന്‍, ഡോ. ടി എം തോമസ് ഐസക്, പി കെ ശ്രീമതി, എം സി ജോസഫൈന്‍, ആനത്തലവട്ടം ആനന്ദന്‍, ബേബി ജോണ്‍, എം എം മണി, കെ ജെ. തോമസ് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ കമ്മിയംഗങ്ങള്‍ ഉള്‍പ്പടെ 290 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ജില്ലാസമ്മേളനത്തില്‍ ചൂടേറിയ ചര്‍ച്ചകളും വിമര്‍ശനങ്ങളുമുയരാനുള്ള സാധ്യതയേറെയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ കേരളാ കോണ്‍ഗ്രസ് എമ്മിനെ പിന്തുണച്ചതിന്റെ ഗുണദോഷങ്ങള്‍ പ്രതിനിധികള്‍ ഉയര്‍ത്തും. കോണ്‍ഗ്രസ്സിനെതിരായ അടവുനയമെന്ന നിലയില്‍ കൂട്ടുകെട്ടിനെ ന്യായീകരിക്കുന്ന സമീപനമാണു ജില്ലാ കമ്മിറ്റിക്കുള്ളത്. മാണി പുറത്തുപോയതിലൂടെ ജില്ലയില്‍ യുഡിഎഫിനുണ്ടായ ക്ഷീണം മുതലെടുക്കണമെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളിലുള്ളത്. ഭാവിയില്‍ കേരളാ കോണ്‍ഗ്രസ്സിനോട് സ്വീകരിക്കേണ്ട സമീപനവും ചര്‍ച്ചയാവും. അതേ സമയം, സിപിഎമ്മിന്റെ കേരളാ കോണ്‍ഗ്രസ് ബന്ധത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന സിപിഐയുടെ നടപടിയും ചോദ്യം ചെയ്യപ്പെടും. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഐ വിട്ടുനിന്നത് മുന്നണിമര്യാദയുടെ ലംഘനമാണെന്നായിരിക്കും സമ്മേളനത്തിന്റെ വിലയിരുത്തല്‍. ഏരിയാ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ വിഭാഗീയതയുയര്‍ന്ന പ്രദേശങ്ങളിലെ പ്രവര്‍ത്തനരീതിക്കെതിരേ പ്രതിനിധികള്‍ രംഗത്തുവരാനും ഇടയുണ്ട്. പുതുപ്പള്ളി, പാലാ ഏരിയാ കമ്മിറ്റികളില്‍ മല്‍സരം നടന്നതു ഗൗരവത്തോടെയാണു നേതൃത്വം വീക്ഷിക്കുന്നത്. പൂഞ്ഞാര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അപമാനകരമായ തോല്‍വി ഏല്‍ക്കേണ്ടിവന്നതും ചര്‍ച്ചയാവും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യം മുഴുവന്‍ സമയവും സമ്മേളനത്തിലുണ്ടാവും. അട്ടിമറികളുണ്ടായില്ലെങ്കില്‍ ജില്ലാ സെക്രട്ടറിയായി വി എന്‍ വാസവന്‍ തുടരാനാണ് സാധ്യത. ഏറ്റുമാനൂരില്‍ നടന്ന കഴിഞ്ഞ സമ്മേളനത്തിലാണ് വാസവന്‍ ആദ്യമായി സെക്രട്ടറി പദവിയിലേക്കെത്തിയത്.

RELATED STORIES

Share it
Top