പ്രതിച്ഛായ നന്നാക്കാന്‍ പോലിസില്‍ വ്യാപകമായ അഴിച്ചുപണിക്ക് ആഭ്യന്തരവകുപ്പ് ഒരുങ്ങുന്നു

കെ  പി  ഒ   റഹ്മത്തുല്ല
മലപ്പുറം: സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ ഭരണത്തിന്റെ പ്രതിച്ഛായക്ക് ഏറ്റവും കൂടുതല്‍ മങ്ങലേല്‍പ്പിക്കുന്ന പോലിസില്‍ വ്യാപകമായ അഴിച്ചുപണിക്ക് ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നു. കസ്റ്റഡി മരണവും പോലിസ്പീഡനവും അധികരിച്ചതു മൂലം ഇടതുസര്‍ക്കാര്‍ ഏറെ പ്രതിസന്ധിയിലാണ്.
സര്‍ക്കാരിനെയും ഭരണത്തെയും മോശക്കാരാക്കുന്നതു പോലിസിലെ കോടാലിക്കൈകളാണെന്നു സിപിഎമ്മും മറ്റു ഘടക കക്ഷികളും കണ്ടെത്തിയിട്ടുണ്ട്. പ്രതിപക്ഷവും മറ്റു സംഘടനകളും പോലിസിനെതിരേ ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ക്കു മറുപടി പറയാന്‍ കഴിയാതെ ആഭ്യന്തര വകുപ്പ് കുഴങ്ങുകയാണ്. ആഭ്യന്തരത്തിനായി പ്രത്യേക മന്ത്രിയില്ലാത്തതാണു കുഴപ്പങ്ങള്‍ക്കു കാരണമെന്ന് സിപിഎമ്മിലെ തന്നെ  ന്യൂനപക്ഷവും പറയാന്‍ തുടങ്ങിയിട്ടുണ്ട്.
സിപിഎം നേതൃയോഗങ്ങളിലെ പ്രധാന ചര്‍ച്ചകള്‍ ആഭ്യന്തര വകുപ്പിന്റെ പാളിച്ചകളിലും തകരാറുകളിലും തട്ടിയാണു മുന്നേറുന്നത്. ഇനിയും പോലിസിനെ നന്നാക്കിയില്ലെങ്കില്‍ കടുത്ത പ്രതിസന്ധി ഉണ്ടാവുമെന്നു നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. ക്രമസമാധാന രംഗത്തുള്ള പോലിസ് സംവിധാനത്തില്‍ വ്യാപകമായ അഴിച്ചുപണി വേണമെന്ന അഭിപ്രായമാണു സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നുവന്നത്. യുഡിഎഫ് ഭരണകാലത്ത് ഉന്നത തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടവരും യുഡിഎഫ് അനുഭാവികളുമായ പോലിസ് ഉദ്യോഗസ്ഥരും സംഘപരിവാര അനുകൂലികളായ പോലിസുകാരും സര്‍ക്കാരിന്റെ പ്രതിച്ഛായ കരുതിക്കൂട്ടി തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. അതിനാല്‍ത്തന്നെ ക്രമസമാധാന ചുമതലകള്‍ക്കായി നിയോഗിക്കുന്ന ഡിവൈഎസ്പി, സിഐ, എസ്‌ഐ തലങ്ങളിലും സിവില്‍ പോലിസ് ഉദ്യോഗസ്ഥന്‍മാരിലും വ്യാപകമായ മാറ്റങ്ങള്‍ക്കാണ് ആഭ്യന്തര വകുപ്പ് നടപടിയാരംഭിച്ചത്.
മൂന്നാംമുറയുടെ പേരിലും മറ്റു സദാചാര ലംഘനങ്ങളുടെ പേരിലും കേസിലും പരാതികളിലുംപെട്ട എല്ലാവരെയും ഒഴിച്ചുനിര്‍ത്തി നിയമനം നടത്താനാണു മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കം. ഇതിനായി ജില്ലകള്‍ തോറും പ്രത്യേക സംഘങ്ങളെ നിയമിക്കാനാണ് ആഭ്യന്തര വകുപ്പ് ശ്രമിക്കുന്നത്. സ്റ്റേഷന്‍ ചുമതലകളില്‍ നിന്നു മോശക്കാരായ എല്ലാവരെയും മാറ്റാന്‍ തീരുമാനമെടുത്തിട്ടുണ്ട്. മിടുക്കരായ പോലിസിലെ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന ജോലിയാണ് നടന്നുകൊണ്ടിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായവും ഇക്കാര്യത്തില്‍ തേടിയിട്ടുണ്ട്.
സംഘപരിവാരത്തിന് അനുകൂലമായി ന്യൂനപക്ഷ-പിന്നാക്ക ജനവിഭാഗങ്ങള്‍ക്കെതിരേ പോലിസ് പ്രവര്‍ത്തിക്കുന്നുവെന്ന പരാതി ഇല്ലാതാക്കണമെന്ന അഭിപ്രായവും പാര്‍ട്ടി ശരി വച്ചിട്ടുണ്ട്. അതിനാല്‍ തന്നെ പോലിസ് സേനയിലെ സംഘപരിവാര മനസ്ഥിതിക്കാരെ നിയന്ത്രിച്ച് അപ്രധാന ചുമതലകളില്‍ ഒതുക്കണമെന്ന അഭിപ്രായവും ഉയര്‍ന്നുവന്നിട്ടുണ്ട്. പോലിസില്‍ അടിമുടി മാറ്റത്തിനാണ് ആഭ്യന്തര വകുപ്പ് തുടക്കംകുറിക്കുന്നത്. രണ്ടാം വാര്‍ഷികത്തിന്റെ പ്രധാന അജണ്ട തന്നെ പോലിസിന്റെ പ്രതിച്ഛായ നന്നാക്കുക എന്നതായിരിക്കും.

RELATED STORIES

Share it
Top