പ്രതികാരനടപടി; താക്കീതുമായി സേവ് അവര്‍ സിസ്റ്റേഴ്‌സ് സമരസമിതി

കൊച്ചി: ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ കന്യാസ്ത്രീകളെ പിന്തുണച്ച വൈദികര്‍ക്കെതിരെയും മറ്റ് കന്യാസ്ത്രീകള്‍ക്കെതിരെയും പ്രതികാരനടപടികള്‍ സ്വീകരിക്കുന്ന ക്രൈസ്തവ സഭകള്‍ക്ക് താക്കീതുമായി സേവ് അവര്‍ സിസ്റ്റേഴ്‌സ്.
നടപടികള്‍ തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്കു രൂപംനല്‍കുമെന്ന് സംഘടന അറിയിച്ചു. തുടര്‍ സമരപരിപാടികള്‍ക്ക് രൂപംനല്‍കാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് സേവ് അവര്‍ സിസ്റ്റേഴ്‌സ് നിലപാട് വ്യക്തമാക്കിയത്. സമരത്തെ അനുകൂലിച്ചവര്‍ക്കെതിരേ നടപടിയുണ്ടാവാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടിരുന്നു. സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിക്കെതിരെയും യാക്കോബായ സഭയിലെ യൂഹന്നാന്‍ റമ്പാനെതിരെയും പ്രതികാരനടപടികള്‍ ആരംഭിച്ചുകഴിഞ്ഞത് ഖേദകരമാണ്. ഇത്തരത്തിലുള്ള നടപടികളുമായിട്ടാണ് സഭകള്‍ മുന്നോട്ടുപോവുന്നതെങ്കില്‍ വളരെ ശക്തമായ സമരപരിപാടികള്‍ക്ക് സംഘടന മുന്നിട്ടിറങ്ങുമെന്ന് സമരസമിതി കണ്‍വീനര്‍ ഫാ. അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു.
കോഴിക്കോട്ട് സമരത്തില്‍ പങ്കെടുത്ത നടന്‍ ജോയി മാത്യുവിനെതിരേ പോലിസും നടപടികള്‍ സ്വീകരിച്ചതായി അറിയുന്നു. ഇതിനെതിരെയുള്ള പ്രക്ഷോഭപരിപാടികള്‍ അവരുമായി കൂടിയാലോചിച്ചതിന് ശേഷം തീരുമാനിക്കും. സഭാ അധികാരികള്‍ പ്രതികാരനടപടികള്‍ക്ക് ഇനിയും തുനിയരുത്. സത്യത്തിലും നീതിയിലും വിശ്വസിക്കുന്ന സമൂഹത്തിന്റെ കൂട്ടായ്മയായ ക്രൈസ്തവസഭ ബലാല്‍സംഗം ചെയ്ത ബിഷപ്പിനും ഭൂമിക്കച്ചവടം നടത്തിയ കര്‍ദിനാളിനും സംരക്ഷണം നല്‍കുന്നത് ന്യായമല്ല. കൊച്ചിയില്‍ നടന്നത് ബലാല്‍സംഗം ചെയ്യപ്പെട്ട കന്യാസ്ത്രീക്ക് നീതികിട്ടണമെന്നാവശ്യപ്പെട്ട സമരമാണ്. സ്ത്രീകളുടെ തുല്യനീതിക്ക് വേണ്ടി നടക്കുന്ന സമരമായി ഇത് വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു.
കേരളത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനസമൂഹം ഇതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത് അതിന് തെളിവാണ്. കുറ്റവാളി ശിക്ഷിക്കപ്പെടുന്നതുവരെ ഈ പോരാട്ടം തുടരുവാന്‍ യോഗം തീരുമാനിച്ചതായും അദേഹം അറിയിച്ചു. പ്രക്ഷോഭത്തിന്റെ വിജയത്തിനായി സ്ത്രീകളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും ഐക്യദാര്‍ഢ്യ സമിതികള്‍ രൂപീകരിക്കാനും യോഗം തീരുമാനിച്ചു. ഓക്‌ടോബര്‍ രണ്ടിന് എറണാകുളത്ത് ലാലന്‍ ടവറില്‍ സ്ത്രീ തുല്യനീതിയെയും മുന്നേറ്റത്തെയും അടിസ്ഥാനമാക്കി വനിതാ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും.

RELATED STORIES

Share it
Top