പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു

മഞ്ചേരി: എടവണ്ണ ഒതായി പള്ളിപ്പറമ്പന്‍ മനാഫ് വധക്കേസില്‍ രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. എളമരം ചെറുവായൂര്‍ പയ്യനാട്ട് തൊടിക എറക്കോടന്‍ കബീര്‍ (45), നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവര്‍ക്കാണ് ജഡ്ജി സുരേഷ്‌കുമാര്‍ പോള്‍ ജാമ്യം നിഷേധിച്ചത്.
ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ കഴിഞ്ഞ മാസം 30നാണ് മഞ്ചേരി ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ കീഴടങ്ങിയത്. ഇരുവരേയും മജസ്‌ട്രേറ്റ് ഇ വി റാഫേല്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു. വര്‍ഷങ്ങളോളം വിദേശത്ത് ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാനിടയുള്ളതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിചാരണ നടത്തണമെന്നാണ് പോലിസ് റിപോര്‍ട്ടിലും ആവശ്യപ്പെട്ടിരുന്നത്. കേസില്‍ പ്രതികളായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷഫീഖ് (49), മാലങ്ങാടന്‍ ഷെരീഫ് (51) എന്നിവരെ ഇനിയും പിടികൂടാനായിട്ടില്ല. വിദേശത്തു കഴിയുന്ന ഇവരെ അറസ്റ്റു ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു.
ഇവര്‍ രണ്ടുപേരും നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ബന്ധുക്കളാണ്.
1995 ഏപ്രില്‍ 13നാണ് ഒതായി അങ്ങാടിയില്‍ വെച്ച് ഓട്ടോഡ്രൈവറായ മനാഫ് കൊല്ലപ്പെടുന്നത്. കേസില്‍ പി വി അന്‍വര്‍ നേരത്തെ രണ്ടാം പ്രതിയായിരുന്നു.
ഒന്നാം സാക്ഷിയടക്കമുള്ളവര്‍ കൂറുമാറിയതിനെ തുടര്‍ന്ന് അന്‍വറടക്കമുള്ള 21 പ്രതികളെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു. പ്രതികളെ വെറുതെവിട്ട സെഷന്‍സ് കോടതി വിധി റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

RELATED STORIES

Share it
Top