പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും പിഴയും

അടിമാലി: തെളിവൊന്നും ശേഷിപ്പിക്കാതെ മൂന്നുപേരെ ദാരുണമായി കൊലപ്പെടുത്തി മോഷണം നടത്തിയ അടിമാലി കൂട്ടക്കാല കേസിലെ പ്രതികള്‍ക്ക് പിഴയും ഇരട്ട ജീവപര്യന്തവും. അതിക്രമിച്ചു കയറല്‍, തെളിവു നശിപ്പിക്കല്‍ എന്നിവയ്ക്ക് പിഴയും 17 വര്‍ഷം തടവും, കൊലപാതകം, കവര്‍ച്ച എന്നിവയ്ക്ക് ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചു. 2015 ഫെബ്രുവരി 12 രാത്രി 11.45നാണ് കേസിനാസ്പദമായ സംഭവം. അടിമാലി നഗരമധ്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന രാജധാനി ലോഡ്ജിന്റെ നടത്തിപ്പുകാരനായ മന്നാംകാല പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ് (69), ഭാര്യ ആയിഷ (63), ഐഷയുടെ മാതാവ് അടിമാലി മണലിക്കുടി നാച്ചി (81) എന്നിവരെയാണ് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. 13ന് പുലര്‍ച്ചെ അഞ്ചേടെയാണു നാടിനെ നടുക്കിയ കൊടുംക്രൂരത പുറംലോകം അറിയുന്നത്. രാജധാനി ലോഡ്ജിലെ മൂന്നാം നിലയിലുള്ള 302ാം നമ്പര്‍ മുറിക്കകത്ത് കൈകാലുകളും വായും ബന്ധിച്ചനിലയില്‍ മുറി പുറമേ നിന്നു പൂട്ടിയ അവസ്ഥയിലുമായിരുന്നു കുഞ്ഞുമുഹമ്മദിന്റെ മൃതദേഹം പോലിസ് കണ്ടെത്തിയത്. ഐഷയുടെയും നാച്ചിയുടെയും മൃതദേഹങ്ങള്‍ ലോഡ്ജിലെ ഒന്നാം നിലിയലുള്ള കിടപ്പുമുറിയായി ഉപയോഗിക്കുന്ന ഹാളിലെ രണ്ടിടങ്ങളിലായാണ് കണ്ടെത്തിയത്. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ കര്‍ണാടക, തുങ്കൂര്‍ സിറ പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള മുഖാപട്ടണം രാഘവ് (രാഘവേന്ദ്ര 23), ഹനുമന്തപുര തോട്ടാപുര ഹനുമന്ത രായപ്പയുടെ മകന്‍ മധു (രാജേഷ് ഗൗഡ 23), സഹോദരന്‍ മഞ്ജുനാഥ് (19) എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലില്‍ മോഷണത്തിനു വേണ്ടിയാണ് മൂവരെയും കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു. 19.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍, റാഡോ വാച്ച്, മൊബൈല്‍ഫോണ്‍ അടക്കം അഞ്ചുലക്ഷത്തോളം രൂപയുടെ കവര്‍ച്ച നടത്തി. ഇവയെല്ലാം പോലിസ് പിന്നീട് കണ്ടെത്തി. മൂവരുടെയും വിചാരണ തൊടുപുഴ ജില്ലാ കോടതിയില്‍ ഒരുമിച്ചു നടത്തി കഴിഞ്ഞ ഏപ്രില്‍ 17ന് പൂര്‍ത്തിയാക്കി. ആകെയുള്ള അഞ്ച് വോള്യങ്ങളിലായി ആയിരത്തിലധികം പേജ് ഉള്‍പ്പെടുന്നതായിരുന്നു കുറ്റപത്രം. ഗൂഢാലോചന, കൊലപാതകം, കവര്‍ച്ച, സംഘംചേരല്‍, തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ആകെയുണ്ടായിരുന്ന നൂറു സാക്ഷികളില്‍ 55 സാക്ഷികളെയും വിസ്തരിച്ചിരുന്നു. പ്രൊസിക്യൂഷനു വേണ്ടി പബ്ലിക് പ്രൊസിക്യൂട്ടര്‍ ബി സുനില്‍ദത്താണ് ഹാജരായത്. പ്രൊസിക്യൂഷനു സഹായത്തിനായി അന്വേഷണ സംഘത്തിലെ എഎസ്‌ഐമാരായ സി വി ഉലഹന്നാന്‍, സജി എന്‍ പോള്‍, സി ആര്‍ സന്തോഷ് എന്നിവരെ പോലിസ് വകുപ്പില്‍ നിന്ന് ചുമതലയേല്‍പിച്ചിരുന്നു.

RELATED STORIES

Share it
Top