പ്രതികള്‍ക്കെതിരേ ശാസ്ത്രീയ തെളിവുകളുണ്ടെന്ന് സിബിഐ

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിടുതല്‍ ഹരജിയില്‍ വാദം പൂര്‍ത്തിയായി. സിസ്റ്റര്‍ അഭയയെ പ്രതികള്‍ കൊലപ്പെടുത്തിയത് സമൂഹത്തില്‍ ഇവരുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നതു കാരണമാണെന്ന് സിബിഐ. കേസിലെ പ്രതികളായ ഫാ. തോമസ് എം കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെ വ്യക്തമായ സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളുമുണ്ട്. ഇത് വിചാരണാ സമയത്ത് കോടതിക്ക് ബോധ്യമാവുമെന്നും സിബിഐ നിയമോപദേശകന്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ സമ്മര്‍ദത്തിലൂടെ സാക്ഷികളെ തട്ടിക്കൂട്ടി കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം വാദിച്ചു. കേസില്‍ പ്രതിപ്പട്ടികയിലുള്ള തങ്ങള്‍ക്കെതിരേ സാക്ഷിപറയാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സാക്ഷികളുടെമേല്‍ കടുത്ത സമ്മര്‍ദമുണ്ടാക്കി. തങ്ങള്‍ക്കെതിരേ സാഹചര്യത്തെളിവുകളോ, ശാസ്ത്രീയ തെളിവുകളോ ഇല്ലായിരുന്നുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജഡ്ജി നാസര്‍ വിടുതല്‍ ഹരജിയില്‍ വാദം പറയാന്‍ പ്രതികള്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതികള്‍ ഏഴുവര്‍ഷം മുമ്പ് സമര്‍പ്പിച്ച വിടുതല്‍ ഹരജിയില്‍ വാദം പൂര്‍ത്തിയാക്കിയത്. കേസില്‍ ഒന്നാം പ്രതിയെ മാത്രമാണ് നുണപരിശോധന, ബ്രെയിന്‍ മാപ്പിങ് എന്നിവയ്ക്ക് വിധേയമാക്കിയത്. മറ്റ് പ്രതികളില്‍ ഈ പരിശോധന നടത്തിയതായി കാണുന്നില്ലെന്ന് കോടതി സംശയം പ്രകടിപ്പിച്ചു.
2009 ജൂലൈ 17ന് കുറ്റപത്രം സമര്‍പ്പിക്കുന്ന സമയത്ത് എല്ലാ നിര്‍ദേശങ്ങളും പാലിച്ചിട്ടുണ്ടെന്ന് സിബിഐ അറിയിച്ചു. ഫാ. തോമസ് എം കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍ എന്നിവര്‍ കോട്ടയം പയസ്‌ടെന്‍ത് കോണ്‍വന്റില്‍ നിരന്തരം പോവാറുണ്ടായിരുന്നു. പലതവണ രാത്രികാലങ്ങളില്‍ ഇവര്‍ കോണ്‍വന്റിന്റെ മതിലുകള്‍ ചാടിക്കടന്നതായി സാക്ഷിമൊഴികള്‍ ഉള്ളതായും സിബിഐ അറിയിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

RELATED STORIES

Share it
Top