പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ല: എ കെ ബാലന്‍

തിരുവനന്തപുരം: ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നു മന്ത്രി എ കെ ബാലന്‍ പി സി ജോര്‍ജിന്റെ സബ്മിഷന് മറുപടി നല്‍കി. പ്രത്യേക സംഘം കേസ് അന്വേഷിക്കുകയാണ്. ഇതു കൂടാതെ മജിസ്‌ട്രേറ്റ്തല അന്വേഷണവും നടക്കുന്നു. സാമ്പത്തിക ശേഷിയുള്ള കുടുംബമാണു മധുവിന്റേത്. ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമാണ്. ആദിവാസി ഊരുകളില്‍ പട്ടിണിയില്ല. ഇത്തരം മരണം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി നീക്കിവയ്ക്കുന്ന ഫണ്ടിന്റെ 60 ശതമാനവും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായാണു ചെലവിടുന്നതെന്നും മന്ത്രി അറിയിച്ചു. 17 വര്‍ഷമായി പട്ടിക വിഭാഗങ്ങള്‍ക്കായി അനുവദിച്ച ഫണ്ട് ചെലവിട്ടത് സംബന്ധിച്ച് അന്വേഷിക്കണമെന്നാണു പി സി ജോര്‍ജ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്തരമൊരു അന്വേഷണം പ്രായോഗികമല്ല. ആദിവാസികള്‍ക്കിടയിലെ ജനിതക ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ആന്ത്രപ്പോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മേഖലാ ഓഫിസ് അട്ടപ്പാടിയില്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ആദിവാസികളുടെ ഡിഎന്‍എ പ്രൊഫൈല്‍ അടക്കം തയ്യാറാക്കുകയാണു ലക്ഷ്യം. ആദിവാസി വിദ്യാര്‍ഥികളുടെ സ്‌കൂളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് കുറയ്ക്കുന്നതിനായി ആവിഷ്‌കരിച്ച ഗോത്രബന്ധു പദ്ധതി ഈ വര്‍ഷം അട്ടപ്പാടിയില്‍ നടപ്പാക്കും.
ആദിവാസികള്‍ക്കായി ഏകീകൃത നയം രൂപീകരിക്കുക പ്രായോഗികമല്ല. 37 ആദിവാസി വിഭാഗങ്ങളാണു കേരളത്തിലുള്ളത്. ഇവര്‍ക്കെല്ലാം വിഭിന്നമായ ജീവിതരീതികളും ആചാരക്രമങ്ങളുമാണുള്ളത്. ഈ സാഹചര്യത്തില്‍ പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് അഭികാമ്യമെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top